Connect with us

Kerala

ജനസമ്പര്‍ക്കം: മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്ത നിരാശയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

Published

|

Last Updated

കൊല്ലം/അഞ്ചല്‍: ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്ത നിരാശയില്‍ വീട്ടിനടുത്തെ റബ്ബര്‍ തോട്ടത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. കൊല്ലം അഞ്ചല്‍, തോയിത്തല ശ്രീദേവി മന്ദിരത്തില്‍ സുശീലനാ(46)ണ് മക്കള്‍ക്കു ചികിത്സാ സഹായം ലഭിക്കാത്ത നിരാശയില്‍ തൂങ്ങിമരിച്ചത്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത മക്കളുടെ പ്രാഥമിക കൃത്യങ്ങള്‍ മുതല്‍ മറ്റെല്ലാ കാര്യങ്ങളും നോക്കിയിരുന്ന സുശീലന്റെ മരണം കുടുംബത്തിന് ആഘാതമായി.
മൂത്ത മകനായ അതുലിനും ഇളയ കുട്ടി അഖിലിനും എട്ട് വയസ്സുള്ളപ്പോഴാണ് അപൂര്‍വ രോഗം പിടിപെട്ടത്. അരക്കു താഴെ ബലമില്ലാതാകുകയും ക്രമേണ പൂര്‍ണമായി തളരുകയും ചെയ്തു. തുടര്‍ന്നു നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതായ മക്കളെ ശുശ്രൂഷിച്ചിരുന്നത് സുശീലനാണ്.
ഭാര്യ കശുവണ്ടി ഫാക്ടറിയില്‍ പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഭാര്യക്കു ജോലിയില്ലാത്തപ്പോള്‍ സുശീലനും കൂലിപ്പണിക്കു പോയിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ സി ആര്‍ സിയില്‍ നിന്നും അധ്യാപകര്‍ വീട്ടിലെത്തിയാണ് ഇവരെ പഠിപ്പിച്ചിരുന്നത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു അതുല്‍ പ്ലസ് വണ്‍ വരെയെത്തി. അഖില്‍ ആറാം ക്ലാസിലും. മക്കളുടെ ചികിത്സക്കായി ഒരുപാട് പണം ചെലവഴിച്ചു. അവസാനം കടബാധ്യതയുമായി. വൈകിയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ചു അറിയുന്നത്.
നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കുപുറമേ പുതുതായി എത്തുന്നവര്‍ക്കും അപേക്ഷ നല്‍കാമെന്നറിഞ്ഞതിനെത്തുടര്‍ന്നു ജനസമ്പര്‍ക്ക പരിപാടി നടന്ന 12ന് രാവിലെ തന്നെ രണ്ട് മക്കളുമായി അഞ്ചലില്‍ നിന്ന് കൊല്ലത്തെത്തി. വന്‍ ജനക്കൂട്ടത്തിനിടയില്‍ അര്‍ധരാത്രി വരെ ഇരുന്നിട്ടും മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നല്‍കാന്‍ കഴിഞ്ഞില്ല.
പലരോടും പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടതുമില്ല. ഒടുവില്‍ അപേക്ഷ ആരെയോ ഏല്‍പ്പിച്ചു സുശീലനും മക്കളും നിരാശരായി മടങ്ങി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് വീട്ടിലെത്തിയത്. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിലുള്ള കടുത്ത നിരാശ ഭാര്യയോടു പ്രകടിപ്പിച്ച ശേഷം സന്ധ്യയോടെ പുറത്തേക്കിറങ്ങിയ സുശീലനെ പിന്നീട് റബ്ബര്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അവസാന പരാതിക്കാരനെയും കണ്ടിട്ടേ പോകുവെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കൊല്ലത്ത് പാലിക്കപ്പെട്ടില്ല. നിരവധി ആളുകള്‍ ഇതുപോലെ മടങ്ങിപ്പോയതായി പരാതിയുണ്ട്.

 

Latest