മാര്‍ച്ച് മധ്യത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തും: മുഖ്യ കമ്മീഷണര്‍

Posted on: December 14, 2013 2:17 pm | Last updated: December 14, 2013 at 2:17 pm

VS SAMPATH ELECTION COMMISSIONARവാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ലോക്‌സഭ 2014 ജൂണ്‍ ഒന്നിനകം രൂപവത്കരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് പറഞ്ഞു. അടുത്ത പൊതു തിരഞ്ഞെടുപ്പ് അഞ്ചോ, ആറോ, ഏഴോ ഘട്ടമായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് മാസം മധ്യത്തോടെ തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ടായ ബ്രൂക്കിംഗ് സംഘടിപ്പിച്ച ചടങ്ങിനായി വാഷിംഗ്ടണിലെത്തിയ സമ്പത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

2014ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയതായി സമ്പത്ത് പറഞ്ഞു. എട്ട് ലക്ഷം പോളിംഗ് ബൂത്തുകളിലായി 78 കോടി ജനങ്ങളാണ് ഇത്തവണ പൊതു തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുക. ഇന്ത്യയില്‍ ഇതുവരെ തിരഞ്ഞെടുപ്പ് അന്തിമ സമയവും കടന്ന് മുന്നോട്ട് പോയിട്ടില്ലെന്നും സമ്പത്ത് വ്യക്തമാക്കി.