ലോക്പാല്‍ ബില്‍ അവതരണ‌ം പൂര്‍ത്തിയാകാത രാജ്യസഭ പിരിഞ്ഞു

Posted on: December 13, 2013 3:00 pm | Last updated: December 14, 2013 at 1:56 am

indian-parliament_1

ന്യൂഡല്‍ഹി: വിലക്കയറ്റം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ലോക്പാല്‍ ബില്‍ അവതരണം പൂര്‍ത്തിയാക്കാനാകാതെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.  കേന്ദ്രമന്ത്രി വി.നാരായണ സ്വാമി ആണു രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. നേരത്തെ, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു രാജ്യസഭ 2.30 വരെ നിര്‍ത്തിവച്ചിരുന്നു. ബില്‍ ഇനി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി ആറ് മണിക്കൂറാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് അനുവദിച്ചിട്ടുള്ളത്. ലോക്‌സഭാ നേരത്തെ പാസ്സാക്കിയ ലോക്പാല്‍ ബില്ലില്‍ രാജ്യസഭയിലെ സെലക്ട് കമ്മിറ്റി പതിമൂന്ന് ഭേദഗതികളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇവ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരം ആരംഭിച്ചതും ഡല്‍ഹിയില്‍ ആം ആദ്മി നേടിയ മികച്ച വിജയവുമാണ് ബില്‍ ഉടനെ ചര്‍ച്ചക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

അതേസമയയം, സെലക്ട് കമ്മിറ്റി ഏകകണ്ഠമായി നിര്‍ദേശിച്ച മുഴുവന്‍ ഭേദഗതികളോടും കൂടിയ ബില്‍ അവതരിപ്പിച്ചാല്‍ പിന്തുണക്കാന്‍ തയ്യാറാണെന്ന് ബി ജെ പി വ്യക്തമാക്കി. രാജ്യസഭയില്‍ ബില്‍ പാസ്സാക്കാന്‍ വേണ്ടത്ര അംഗബലം ഇല്ലാത്ത സാഹചര്യത്തില്‍ ഭേദഗതികള്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.