Connect with us

Gulf

പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് പ്രശ്‌നങ്ങളും ചര്‍ച്ചക്ക്‌

Published

|

Last Updated

മസ്‌കത്ത്: അടുത്ത മാസം ന്യൂഡല്‍ഹിയില്‍ നടക്കുന്ന പ്രാവാസി ഭാരതീയ ദിവസില്‍ ഗള്‍ഫില്‍ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സെഷന്‍. പ്രവാസി സംഘടനകളുടെ തുടര്‍ച്ചയായ ആവശ്യം പരിഗണിച്ചാണ് ഗള്‍ഫ് പ്രശ്‌നങ്ങള്‍ പ്രത്യേകമായി ചര്‍ച്ചക്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രവാസി സമൂഹം പൊതുവേ സ്വാഗതം ചെയ്യുന്നു. വ്യവസായ നിക്ഷേപക സംഗമമെന്ന് ആക്ഷേപിച്ച് പൊതുവേ മലയാളികളുള്‍പെടെയുള്ള ഗള്‍ഫ് ഇന്ത്യക്കാര്‍ അവഗണിക്കാറുള്ള പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫില്‍നിന്നും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നതിന് സെഷന്‍ കാരണമാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ഗള്‍ഫ് പ്രശ്‌നങ്ങളുടെ ചര്‍ച്ചക്കായി പ്രത്യേക സെഷന്‍ ഉള്‍പെടുത്തുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയാണ് അറിയിച്ചത്. പ്രവാസി സംഘടനകളുടെ ദീര്‍ഘകാലമായുള്ള അഭ്യര്‍ഥന മാനിച്ചാണ്‌സെഷന്‍ ഉള്‍പെടുത്തുന്നത്. പ്രവാസി ഭാരതീയ ദിവസയില്‍ ഗള്‍ഫിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പൊതുവേ ചര്‍ച്ച ചെയ്യാറുണ്ടെന്നും എന്നാല്‍ ഈ വര്‍ഷം പ്രത്യേക സെഷന്‍ തന്നെ ഉള്‍പെടുത്തിയാണ് പരിഷ്‌കാരമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ നടന്ന ഗള്‍ഫ് പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ നമാമാത്രമായ പ്രതിനിധികളാണ് പങ്കെടുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. പ്രത്യേക ചര്‍ച്ച ഗുണകരമാണ്. എന്നാല്‍ അതിന് പ്രവാസി സംഘടനകളും പ്രതിനിധികളും താത്പര്യമെടുക്കണമെന്നും സര്‍ക്കാര്‍ അവസരം സൃഷ്ടിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഒ ഐ സി സി ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസന്‍ പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ഈടാക്കുന്ന ഉയര്‍ന്ന റജിസ്‌ട്രേഷന്‍ നിരക്കും പ്രാതിനിധ്യം കുറക്കുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് സെഷന് മാത്രമായി കുറഞ്ഞ നിരക്കില്‍ പ്രത്യേക റജിസ്‌ട്രേഷന്‍ ഏര്‍പെടുത്തിയിരുന്നു. എന്നിട്ടും പ്രാതിനിധ്യം കുറയുകയായിരുന്നു.
വിവിധ വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ശൃംഖല ശക്തിപ്പെടുത്തുന്നതിനുമാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. രാജ്യത്തിന്റെ വികസനത്തിലും വ്യാവസാകിയ രംഗത്തും പൊതു താത്പര്യം വളര്‍ത്തുകയും ലക്ഷ്യം വെക്കുന്നു. പതിനൊന്നു വര്‍ഷമായി നടത്തി വരുന്ന പ്രവാസി ഭാരതീയ ദിവസ് രാജ്യത്ത് വ്യാവസായിക വികസന രംഗത്തും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമെല്ലാം സഹായകമായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

 

Latest