വിദ്യാര്‍ഥി ബസ് കയറി മരിച്ച സംഭവം; മാതാവിന് സ്‌കൂളില്‍ ജോലി

Posted on: December 12, 2013 8:03 am | Last updated: December 12, 2013 at 8:03 am

എടപ്പാള്‍: സ്‌കൂള്‍ ബസ് കയറി പിഞ്ചുബാലിക മരിക്കാനിടയായ സംഭവത്തില്‍ നഷ്ട പരിഹാരമായി മരിച്ച കുട്ടിയുടെ മാതാവിന് ജോലി നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ ദാറുല്‍ ഹിദായ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും നാട്ടുകാരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
തിങ്കളാഴ്ച ദാറുല്‍ ഹിദായ ക്യാമ്പസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് എല്‍ കെ ജി വിദ്യാര്‍ഥിനിയായ ആഇഷ ഹന്ന സ്‌കൂള്‍ ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ ബസിനടയില്‍പെട്ട് മരിച്ചിരുന്നു. ദാറുല്‍ ഹിദായയുടെ കീഴില്‍ പൂക്കരത്തറയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് ആഇഷയുടെ മാതാവ് ബിന്‍സിയക്ക് ജോലി നല്‍കുക. അതോടൊപ്പം അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ മാനേജ്‌മെന്റ് മൂന്നംഗ സമിതിയേയും നിയമിച്ചു. ഇബ്രാഹിം മുത്തൂര്‍, കെ പി മുഹമ്മദാലി ഹാജി, പി വി മുഹമ്മദ് മൗലവി എന്നിവരാണ് സമിതി അംഗങ്ങള്‍.