തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ അടുത്തമാസം തുറക്കും

Posted on: December 12, 2013 8:02 am | Last updated: December 12, 2013 at 8:02 am

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി വിഎസ് ശിവകുമാറിന്റേയും സ്ഥലം എംഎല്‍എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റേയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണും. ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ അടിയന്തിരമായി എത്തിക്കാനും അടുത്ത മാര്‍ച്ച് മാസത്തോടെ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കാനും തീരുമാനിച്ചു. സ്റ്റാഫ് പാറ്റേണ്‍ അനുബന്ധിച്ചുള്ള തസ്തികകളില്‍ ആളുകളുടെ കുറവില്ല എങ്കിലും അധിക തസ്തികകള്‍ അനുവദിക്കുന്നത് സംബന്ധിച്ച ആവശ്യം അനുഭാവപൂര്‍വം പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഡയാലിസിസ് യൂണിറ്റ് അടുത്തമാസം തന്നെ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ താലൂക്കാശുപത്രിയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മിനി ബസിന് പകരം ജീപ്പ് നല്‍കും. കാരുണ്യ ഫാര്‍മസി അനുവദിക്കുമെന്നും ഇസിജി സൗകര്യം പ്രവര്‍ത്തിപ്പിക്കാന്‍ ഉടന്‍ നിര്‍ദേശം നല്‍കുമെന്നും ട്രോമ കെയര്‍ യൂണിറ്റ് അനുവദിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മൂന്നു കോടി രൂപ ചെലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന എന്‍ ആര്‍എച്ച് എം ബ്ലോക്കിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും 3.25 കോടി രൂപ ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതായും ഹെല്‍ത്ത് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. ആശുപത്രിയിലെ ശുദ്ധജലത്തിന് സ്ഥിരം സംവിധാനം ഒരുക്കാനും വൈദ്യുതി വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ സര്‍ക്കാര്‍ നേരിട്ടു തന്നെ അടക്കാനും തീരുമാനമായി. ബ്ലഡ് സ്റ്റോറേജ് ഈമാസം തന്നെ പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ഇടക്കിടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തും.
മന്ത്രിമാര്‍ക്ക് പുറമെ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ സുദര്‍ശന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി കെ ജമീല, എന്‍ ആര്‍ എച്ച് എം ഡയറക്ടര്‍ ഡോ. എം ബീന, കെഎച്ച് ആര്‍ ഡബ്ല്യൂ എസ് മാനേജിംഗ് ഡറക്ടര്‍ കെ എം ഉണ്ണികൃഷ്ണന്‍, ഡി എം ഒ. ഡോ.ഉമര്‍ഫാറൂഖ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി ജമീല. വൈസ് പ്രസി. എന്‍ എം അന്‍വര്‍ സാദാത്ത്, മെമ്പര്‍ എംഎ ഖാദര്‍, കെഎം മൊയ്തീന്‍, എം പി സുബൈദ, കെ ടി സാജിദ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. എം ജമീല, ഡോ.മോഹന്‍മാമ്മുണ്ണി സംബന്ധിച്ചു.