ഛേത്രി തിളങ്ങി; ബംഗളുരു എഫ് സി കുതിച്ചു

Posted on: December 12, 2013 7:00 am | Last updated: December 12, 2013 at 7:57 am

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രിക്ക് ഐ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇരട്ട ഗോള്‍ നേട്ടം. ബംഗളുരു എഫ് സി 3-2ന് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ തകര്‍ത്തത് ഛേത്രിയുടെ മിന്നലാട്ടത്തില്‍. 48,71 മിനുട്ടുകളിലായിരുന്നു ഛേത്രിയുടെ സ്‌കോറിംഗ്. ഇരുപത്തൊന്നാം മിനുട്ടില്‍ മെന്യോഗറുടെ ഗോളിലാണ് ബംഗളുരു എഫ് സി ലീഡെടുത്തത് (1-0). എന്നാല്‍, ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ജോസിമര്‍ മുഹമ്മദന്‍സിന് സമനില (1-1) നേടി. ഛേത്രിയിലൂടെ വീണ്ടും ലീഡെടുത്ത ബംഗളുരുവിനെ അമ്പത്തേഴാം മിനുട്ടില്‍ ജോസിമറിലൂടെ മുഹമ്മദന്‍സ് വീണ്ടും ഒപ്പം പിടിച്ചു. അധികം താമസിയാതെ ഛേത്രി വിജയഗോള്‍ നേടി. ലീഗില്‍ തുടരെ നാലാം ജയം നേടിയ ബംഗളുരു എഫ് സിക്ക് പതിമൂന്ന് മത്സരങ്ങളില്‍ 27 പോയിന്റായി. 12 മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റോടെ മുഹമ്മദന്‍സ് പത്താം സ്ഥാനത്താണ്.