സിറിയന്‍ വിമതര്‍ക്കുള്ള സഹായം യു എസും ബ്രിട്ടനും നിര്‍ത്തി

Posted on: December 12, 2013 12:40 am | Last updated: December 12, 2013 at 12:51 am

അങ്കാറ: വടക്കന്‍ സിറിയയിലെ വിമതര്‍ക്കുള്ള സഹായം അമേരിക്കയും ബ്രിട്ടനും നിര്‍ത്തിവെച്ചു. സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമതര്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയും പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മി (എഫ് എസ് എ)യുടെ ആസ്ഥാനവും ആയുധപുരയും മറ്റൊരു വിമത വിഭാഗം പിടിച്ചെടുത്തതോടെയാണ് വടക്കന്‍ സിറിയയിലേക്കുള്ള സഹായം അവസാനിപ്പിക്കുന്നതായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ യു എസ് എംബസി വക്താവ് അറിയിച്ചത്. സിറിയയുടെ അയല്‍രാജ്യവും ബശര്‍ അല്‍ അസദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന തുര്‍ക്കി വഴിയാണ് വിമതര്‍ക്കും പ്രതിപക്ഷ സഖ്യത്തിനുമുള്ള സഹായം പാശ്ചാത്യ രാജ്യങ്ങള്‍ എത്തിക്കുന്നത്.
എഫ് എസ് എയുടെ സുപ്രിം മില്‍ട്ടറി കൗണ്‍സിലിന് (എസ് എം സി) 25 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് അമേരിക്ക നല്‍കുന്നത്. ബ്രിട്ടന്‍ രണ്ട് കോടി യൂറോയുടെയും സഹായം നല്‍കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് നല്‍കാന്‍ സാധ്യമല്ലെന്ന് ഇരുരാഷ്ട്രത്തിന്റെയും വിദേശകാര്യ വക്താക്കള്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയില്‍ പ്രക്ഷോഭം നടത്തുന്ന വിമതര്‍ക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും തീരുമാനം തിരിച്ചടിയായേക്കും.
അടുത്തിടെ രൂപവത്കരിച്ച വിമത സഖ്യമായ ഇസ്‌ലാമിക് ഫ്രണ്ടാണ് എഫ് എസ് എയുടെ തുര്‍ക്കി അതിര്‍ത്തിയിലെ ആസ്ഥാനം പിടിച്ചടക്കിയത്. സിറിയയില്‍ മൂന്ന് വര്‍ഷത്തോളമായി രാജ്യത്ത് നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന വിമത സായുധ സംഘങ്ങളും സംഘടനകളും അടുത്തിടെ പരസ്പരം പോരടിക്കുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. ആദ്യത്തെ വിമത സൈനിക സഖ്യമായി പ്രഖ്യാപിച്ച ഫ്രി സിറിയന്‍ ആര്‍മിക്ക് ബദലായി കഴിഞ്ഞ മാസം ഏഴ് വിമത സംഘടനകള്‍ ചേര്‍ന്ന് ഇസ്‌ലാമിക് ഫ്രണ്ടിന് രൂപം നല്‍കുകയായിരുന്നു.
അല്‍ഖാഇദയുമായി ബന്ധമുള്ള വിമത സായുധ സംഘങ്ങളെയും ഔദ്യോഗിക വിമത സേനയെന്ന് അവകാശപ്പെടുന്ന ഫ്രി സിറിയന്‍ ആര്‍മിയെയും വെല്ലുവിളിച്ചുകൊണ്ടാണ് ഇസ്‌ലാമിക് ഫ്രണ്ടിന്റെ പ്രവര്‍ത്തനം.
തുര്‍ക്കി അതിര്‍ത്തി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിക് ഫ്രണ്ട് ആക്രമണം നടത്തുന്നത്. സിറിയന്‍ സൈന്യത്തിനും ജനങ്ങള്‍ക്കുമെതിരെ ആക്രമണം നടത്തുന്നതിനിടെ ഫ്രീ സിറിയന്‍ ആര്‍മിയുടെ ആസ്ഥാനവും ഇവര്‍ പിടിച്ചെടുക്കുകയായിരുന്നുവെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.