മാഡിബയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു

Posted on: December 12, 2013 12:50 am | Last updated: December 12, 2013 at 12:50 am

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവും രാഷ്ട്ര പിതാവുമായ നെല്‍സണ്‍ മണ്ടേലയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. തലസ്ഥാന നഗരമായ പ്രിട്ടോറിയയിലെ യൂനിയന്‍ ബില്‍ഡിംഗിലേക്ക് കൂറ്റന്‍ വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. പ്രിട്ടോറിയ സൈനിക ആശുപത്രിയിലെ മോര്‍ച്ചറിയിലായിരുന്ന മൃതദേഹം ഇന്നലെ രാവിലെയോടെയാണ് യൂനിയന്‍ ബില്‍ഡിംഗിലെത്തിച്ചത്. രാഷ്ട്ര നേതാവിന്റെ മൃതദേഹം വഹിച്ചെത്തിയ വാഹനത്തെ മോട്ടോര്‍ ബൈക്കിലെത്തിയ പോലീസ് ഓഫീസര്‍മാര്‍ അനുഗമിച്ചു. വഴിയോരങ്ങളില്‍ മാഡിബക്ക് യാത്രാമൊഴി രേഖപ്പെടുത്താന്‍ ആയിരങ്ങള്‍ അണിനിരന്നു. മണ്ടേലയുടെ സമരക്കാലത്തെ അനീതിക്കും അസമത്വത്തിനുമെതിരായ വിപ്ലവ ഗാനങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, മുന്‍ പ്രസിഡന്റ് താബോ യംബക്കി, മണ്ടേലയുടെ ഭാര്യമാരായ ഗ്രാസ മക്കെല്‍, വിന്നി മാഡിക്കിസേല, മണ്ടേലയുടെ മക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പുറമെ സിംബാവെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ തുടങ്ങിയ വിദേശ പ്രതിനിധികളും മാഡിബയെ അവസാന നോക്ക് കാണാനായി എത്തി. പിന്നീട് ജനങ്ങള്‍ക്ക് വേണ്ടി മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പൊതുദര്‍ശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പ്രിട്ടോറിയയില്‍ ഒരുക്കിയത്. മൃതദേഹം ഫോട്ടോയെടുക്കുന്നതിനും മറ്റും ശക്തമായ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മൃതദേഹത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും മൊബൈല്‍ ഫോണുകളും മറ്റും ഓഫാക്കണമെന്നും സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെ മൃതദേഹം പ്രിട്ടോറിയയില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് മണ്ടേലയുടെ ജന്മദേശമായ ക്വുനുവില്‍ ഞായറാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടക്കും. ദക്ഷിണാഫ്രിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്‌കാര ചടങ്ങാകുമിതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
ബുധനാഴ്ച ജോഹന്നാസ്ബര്‍ഗിലെ എഫ് എന്‍ ബി സ്റ്റേഡിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നൂറ് കണക്കിന് ലോക നേതാക്കളാണ് സമ്മേളിച്ചത്. ദക്ഷിണാഫ്രിക്കന്‍ ആചാരം അനുസരിച്ച് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതിന് മുമ്പാണ് അനുസ്മരണ സമ്മേളനം നടക്കുക. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദക്ഷിണാഫ്രിക്കയുടെ നായകന്‍ അദ്ദേഹത്തിന്റെ 95ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞത്.