Connect with us

Editorial

പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച

Published

|

Last Updated

വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിനുള്ള മികവ് നഷ്ടമാകുകയാണോ? കേന്ദ്ര മാനവ ശേഷി മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക വിദ്യാഭ്യാസ വികസന സൂചിക കാണിക്കുന്നത് നമ്മുടെ പ്രാഥമിക വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണെന്നാണ്. െ്രെപമറി വിദ്യാഭ്യാസത്തില്‍ മുന്‍ വര്‍ഷമുണ്ടായിരുന്ന ആറാം സ്ഥാനത്തുനിന്ന് 20-ാം സ്ഥാനത്തേക്കും അപ്പര്‍ െ്രെപമറിയില്‍ 13-ാം സ്ഥാനത്തു നിന്ന് 17-ാം സ്ഥാനത്തേക്കും താഴ്ന്നിരിക്കയാണ് കേരളം. സ്‌കൂളുകളുടെ സാമീപ്യം, അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകര്‍, വിദ്യാഭ്യാസ മേഖലയിലെ പ്രകടനം എന്നീ മാനദണ്ഡങ്ങളില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ആദ്യത്തെ മൂന്ന് ഘടകങ്ങളില്‍ കേരളം മുന്നിലാണെങ്കിലും വിദ്യാഭ്യാസ മേഖലയിലെ പ്രകടനമെന്ന അതിപ്രധാന ഘടകത്തില്‍ കേരളം ഏറെ പിറകിലാണ്.
സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിനാണ് ദേശീയ തലത്തില്‍ കൂടുതല്‍ മികവ്. ഇതടിസ്ഥാനത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക ഏറെ വാഴ്ത്തപ്പെട്ടുവെങ്കിലും പഠന നിലവാരത്തില്‍ നമ്മുടെ കുട്ടികള്‍ മറ്റു സംസ്ഥനങ്ങളെ അപേക്ഷിച്ചു പിറകിലാണെന്ന കാര്യം അധികൃതര്‍ വിസ്മരിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് എന്‍ സി ആര്‍ ടിക്ക് കീഴില്‍ അപ്പര്‍ െ്രെപമറി ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ നടത്തിയ ലേണിംഗ് അച്ചീവ്‌മെന്റ് സര്‍വേയില്‍ ഒന്നാമത് ഉത്തര്‍ പ്രദേശും തൊട്ടു പിറകില്‍ കര്‍ണാകടയും ദല്‍ഹിയുമായിരുന്നു. സമ്പൂര്‍ണ സാക്ഷരതയുടെ മികവ് പഠന നിലവാരത്തില്‍ പുലര്‍ത്താന്‍ കേരളത്തിനായില്ല.
അധ്യയന ദിനങ്ങളുടെ കുറവാണ് നിലവാരത്തകര്‍ച്ചക്ക് കണ്ടെത്തിയ പ്രധാന കാരണം. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എല്‍ പി സ്‌കുളുകള്‍ 200 ദിവസമോ അല്ലെങ്കില്‍ 800 മണിക്കൂറോ, യു പി തലത്തില്‍ 220 ദിവസമോ അല്ലെങ്കല്‍ ആയിരം മണിക്കൂറോ പ്രവര്‍ത്തിച്ചിരിക്കണം. 200 ദിവസം പ്രവര്‍ത്തിച്ചാല്‍ തന്നെ ആയിരം മണിക്കൂറ് തികക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലില്‍ കേരളം എല്‍ പി, യു പി വ്യത്യാസമില്ലാതെ പ്രവര്‍ത്തി ദിനം 200 ആയി അംഗീകരച്ചിട്ടുണ്ടെങ്കിലും അത്രയും ദിവസങ്ങള്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാറില്ല. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും സമരങ്ങളും നിര്‍ണിതമല്ലാത്ത അവിചാരിത അവധികളും സംസ്ഥാനത്തെ വിദ്യാഭ്യാസ ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നു. മുന്‍വര്‍ഷം 194 ദിവസങ്ങള്‍ മാത്രമായിരുന്നു സാധ്യായ ദിനങ്ങള്‍. 175 ദിവസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച വര്‍ഷങ്ങളുമുണ്ട്. ഇതിനു പുറമെ അധ്യാപകരുടെ റിഫ്രഷ്‌മെന്റ് കോഴ്‌സുകളും സംഘടനാ പ്രവര്‍ത്തനവും മറ്റും പഠന സമയം കവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 200 അധ്യയന ദിനങ്ങള്‍ ഉറപ്പ് വരുത്താനായി ആറ് ശനിയാഴ്ചകള്‍ കൂടി പ്രവര്‍ത്തി ദിവസങ്ങളായി പ്രഖ്യാപിച്ചിരുന്നെങ്കിലും 200 തികക്കാനായില്ല.
വിദ്യാഭ്യാസത്തെക്കുറിച്ച രക്ഷിതാക്കളുടെ സങ്കല്‍പങ്ങള്‍, കുട്ടികളിലുള്ള അവരുടെ അമിത പ്രതീക്ഷ, അധ്യാപകരുടെ കാര്യക്ഷമത, ആത്മാര്‍ഥത തുടങ്ങിയ ഘടകങ്ങള്‍ക്കും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ പങ്കുണ്ട്. മെഡിസിനിലും എന്‍ജിനീയറിംഗിലും പരിമിതമാണ് മിക്ക രക്ഷിതാക്കള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസത്തെക്കുറിച്ച സങ്കല്‍പം. തങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിയാത്ത ആ പദവികള്‍ കുട്ടികളിലെങ്കിലും സാധ്യമാക്കണമെന്ന ചിന്തയില്‍, അവരുടെ അഭിരുചിയും മനോവികാസവും അറിയാനോ കണക്കിലെടുക്കാനോ രക്ഷിതാക്കള്‍ മുതിരാറില്ല. ഫലത്തില്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് പീഡനമായി മാറുകയും ഗുണത്തിലേറെ ദോഷം സൃഷടിക്കുകയും ചെയ്യുന്നു.
അധ്യാപകരില്‍ കാര്യക്ഷമതയും കഴിവുമുള്ളവര്‍ തുലോം കുറവാണ്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അധ്യാപക യോഗ്യതാ പരീക്ഷാ (സെറ്റ്) ഫലം പരിശോധിച്ചാല്‍ മതി ഇത് വ്യക്തമാകാന്‍. 2011ല്‍ 5,9 ശതമാനവും 2012ല്‍ 6.3 ശതമാനവും 2013ല്‍ 19.3 ശതമാനവും മാത്രമാണ് വിജയികള്‍. അധ്യാപകര്‍ ചിന്താപരമായും സര്‍ഗാത്മകമായും ഉയരുകയും കര്‍മോത്സുകരുമാകേണ്ടത് പഠന നിലവാരത്തിന്റെ മികവിന് അത്യന്താപേക്ഷിതമാണ്. 20 ശതമാനം അധ്യാപകര്‍ മാത്രമാണ് അധ്യാപന രംഗത്ത് കുറേയെങ്കിലും കാര്യക്ഷമത കാണിക്കുന്നതെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനം കാണിക്കുന്നത്.
പ്രാഥമി വിദ്യാഭ്യാസം മലയാളത്തിലാക്കുക, മറ്റു തലങ്ങളിലും മാതൃഭാഷക്ക് കൂടുതല്‍ പ്രാധാന്യം, ലോവര്‍ െ്രെപമറി ക്ലാസുകളില്‍ ഇംഗ്ലീഷ് ടെക്സ്റ്റുകള്‍, പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കരണം, വികസനാത്മക ബോധന രീതിയില്‍ നിന്ന് ബഹുതല പഠന സമ്പ്രദായ രീതിയലേക്ക് മാറ്റം, വി എച്ച് എസ് ഇ പാഠ്യപദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ ഉള്‍പ്പെടുത്തി അടിയന്തര പരിഷ്‌കരണം തുടങ്ങി കലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലുള്ള വിദഗധ സമിതി പാഠ്യ പദ്ധതിയും നിലവാരവും മെച്ചപ്പെടുത്താന്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ അടുത്തിടെ മുന്നോട്ട് വെച്ചിട്ടുണ്ട്? അധ്യാപക പരിശീലനത്തിലും മാറ്റങ്ങള്‍ വേണമെന്നാണ് സമിതി ശിപാര്‍ശ. ഈ നിര്‍ദേശങ്ങള്‍ പരമാവധി നടഉപ്പിലാക്കുകയും സര്‍ക്കാറും അധ്യാപകരും രക്ഷിതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ വിദ്യാഭ്യാസ വികസന സൂചികയില്‍ കേരളത്തിന്റെ ഗ്രാഫ് ഇനിയും താഴോട്ട് പോകും.

Latest