ഖാസിമിക്ക് ചേളാരി സമസ്തയുടെ ഷോക്കോസ്

Posted on: December 12, 2013 12:00 am | Last updated: December 12, 2013 at 12:00 am

qasimiകോഴിക്കോട്: സ്വന്തം നേതൃത്വത്തിനും നേതാക്കള്‍ക്കുമെതിരെ രംഗത്തെത്തിയ ചേളാരി വിഭാഗത്തിലെ പ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമിക്കെതിരെ ചേളാരി സമസ്ത നടപടിയെടുക്കുന്നു. സംഘടനയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടി ചേളാരി സമസ്ത ഖാസിമിക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. ചേളാരി വിഭാഗത്തിന്റെ യുവജനസംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് ഖാസിമി.

അടുത്ത കാലത്തായി ചേളാരി സമസ്തയുടെ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളെയും നേതാക്കളുടെ മാന്യത വിടുന്ന പെരുമാറ്റത്തെയും പരിഹസിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും ഖാസിമി രംഗത്തെത്തിയിരുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ പ്രഭാഷണ പരിപാടി സംഘടിപ്പിച്ച് ചേളാരി സമസ്തയുടെ അക്രമസംഭവങ്ങള്‍ക്കെതിരെ തുറന്നടിക്കുകയുടെ ചെയ്തു. ഇതാണ് ചേളാരിക്കാരെ പ്രകോപിപ്പിച്ചത്. ഖാസിമിക്കെതിരെ ചേളാരി എസ് വൈ എസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഖാസിമിയുടെ നിലപാട് പണ്ഡിത നേതൃത്വത്തോടുള്ള വെല്ലുവിളിയും ഇവരെ സമൂഹത്തില്‍ ഇകഴ്ത്താനുള്ള ശ്രമവുമാണെന്ന അഭിപ്രായവുമായി യുവജന വിഭാഗം രംഗത്തെത്തിയിരുന്നു. ഐക്യത്തിന്റെ പേരില്‍ അനൈക്യം സൃഷ്ടിക്കരുതെന്നും ദഅ്‌വ യൂത്ത് ഫോറം എന്ന സംഘടന രൂപവത്കരിച്ച് അപഹാസ്യ പ്രസംഗങ്ങള്‍ നടത്തുന്നത് നിര്‍ത്തിവെക്കണമെന്നും ഇവര്‍ ഖാസിമിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ നടന്ന ചേളാരി സമസ്ത മുശാവറ യോഗമാണ് ഖാസിമിക്കെതിരെ നടപടിയെടുത്തത്. ഏറെ കാലമായി ചേളാരി സമസ്തയുടെ നിലപാടുകളോട് യോജിക്കാനാകാതെ സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഖാസിമി. ഒരു വിഭാഗത്തിന്റെ കോക്കസ് പ്രവര്‍ത്തനമായി സമസ്ത മാറിയെന്നും പണ്ഡിതന്‍മാര്‍ക്കിവിടെ കാര്യമായ സ്വാധീനമില്ലെന്നുമാണ് ഖാസിമിയുടെ ആരോപണം.