Connect with us

National

ലോക്പാല്‍: ഹസാരെയുടെ നിരാഹാരം തുടങ്ങി

Published

|

Last Updated

മുംബൈ: ശക്തമായ ജന്‍ ലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയനും അഴിമതി വിരുദ്ധ പ്രക്ഷോഭ നായകനുമായ അന്നാ ഹസാരെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. റലഗണ്‍ സിദ്ദിയിലെ യാദവ്ബാബ ക്ഷേത്രത്തിന് മുന്നിലാണ് ചൊവ്വാഴ്ച നിരാഹാര സമരം തുടങ്ങിയത്.
നിരാഹാര സമരം പിന്‍വലിക്കണമെന്ന അഭ്യര്‍ഥനയുമായി മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച കാലത്ത് ദൂതന്മാരെ ഹസാരയുടെ അടുക്കലേക്ക് അയച്ചിരുന്നു. നേരത്തെ സമാന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി തങ്ങളെ വഞ്ചിക്കുകയായിരുന്നു. ഇനി സമ്മര്‍ദത്തിന് വഴങ്ങി വഞ്ചിതരാകാന്‍ തയ്യാറല്ലെന്നും ഹസാരെ വ്യക്തമാക്കി.
“കോണ്‍ഗ്രസ് രാജ്യത്തെ വഞ്ചിക്കുകയാണ്. യു പി എ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാനോ അല്ലാത്ത പക്ഷം രാജിവെച്ച് പുറത്തുപോകാനോ സന്നദ്ധമാകണം”. ഹസാരെ ആവശ്യപ്പെട്ടു.
“അതി രാവിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി. ശക്തമായ ജന്‍ ലോക്പാല്‍ ബില്‍ പാര്‍ലിമെന്റില്‍ പാസ്സാക്കാനുള്ള ബുദ്ധി യു പി എ സര്‍ക്കാറിന് പ്രദാനം ചെയ്യണേ എന്നായിരുന്നു പ്രാര്‍ഥന.- വാര്‍ത്താ ലേഖകരോട് ഹസാരെ പറഞ്ഞു. നേരത്തെ അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹസാരെ ഡല്‍ഹിയില്‍ ഉപവാസം നടത്തിയിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി ലഭിച്ചിട്ടും രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ കണ്ണ് തുറന്ന് കാണാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെങ്കില്‍ അവരുടെ തലക്ക് എന്തോ തകരാറുണ്ട്. അത് പരിശോധിപ്പിക്കേണ്ടിയിരിക്കുന്നു. പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ത്തന്നെ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം ധൈര്യം കാണിക്കേണ്ടിയിരിക്കുന്നു”- ഹസാരെ പറഞ്ഞു.
ഭൂമി കൈയേറ്റത്തിലും സര്‍ക്കാര്‍ നയ രൂപവത്കരണത്തിലുമെല്ലാം കോര്‍പ്പറേറ്റുകളുടെ സ്വാധീനം നിര്‍ണായകമാകുന്നതില്‍ ഹസാരെ ഇതാദ്യമായി ആശങ്ക പ്രകടിപ്പിച്ചു. നയപരിപാടികള്‍ ജനോപകാരപ്രദമാക്കാന്‍ ശ്രമിക്കേണ്ട അവസരമാണിത്. ബഹുരാഷ്ട്ര കുത്തകളെ കടിഞ്ഞാണിടാനും യത്‌നിക്കണം. ഹസാരെ ഓര്‍മിപ്പിച്ചു.