Connect with us

Kerala

മഅദനി; കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണം - എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: ബംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജെയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അടിയന്തിരമായി ഇടപെടണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കര്‍ണ്ണാടകയിലെ മുന്‍ സര്‍ക്കാര്‍ വൈരനിര്യാതന ബുദ്ധിയോടെയാണ് മഅദ്‌നി വിഷയം കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ ജയില്‍ വാസം നീട്ടിക്കൊണ്ട് പോകുന്നതിന് ബിജെപി ഭരണ കൂടം ഉന്നയിച്ച വ്യാജ വാദങ്ങളാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാറും ഉന്നയിക്കുന്നത്. കെട്ടിച്ചമച്ച സാക്ഷി മൊഴികളുടെ പിന്‍ബലത്തിലാണ് മഅ്ദനിയെ ജയിലിലടച്ചതെന്ന് ഇതിനകം വെളിപ്പെട്ടതാണ്. എന്നിട്ടും പ്രൊസിക്യൂഷന്‍ അദ്ദേഹത്തെ കൊടും ഭീകരനായി ചിത്രീകരിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണ് മഅ്ദനിക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെടാനുണ്ടായ കാരണം.

മഅ്ദനിക്ക് സര്‍ക്കാര്‍ ചെലവില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പോലും ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ അലയടിച്ച കോണ്‍ഗ്രസ് വിരുദ്ധ തരംഗം ബിജെപിക്ക് നേട്ടമായി ഭവിച്ചതാണ് മഅദ്‌നിക്ക് ചികിത്സ നിഷേധിച്ചതിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയിലെ ഹിന്ദുത്വരുടെ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മഅ്ദനിയെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മടക്കിയയച്ചതെന്നത് സ്പഷ്ടമാണ്. വോട്ടു രാഷ്ട്രീയത്തിലെ അണിയറക്കളികളില്‍ പന്താടാനുള്ളതല്ല മഅ്ദനിയുടെ ജീവിതം. രോഗിയും വികലാംഗനുമായ വ്യക്തി എന്നതിനൊപ്പം കേരളത്തിലെ പ്രമുഖനായ രാഷ്്ട്രീയ പ്രവര്‍ത്തകനും പ്രഭാഷകനുമാണ് മഅ്ദനി. അദ്ദേഹത്തോട് കാട്ടുന്ന നീതി നിഷേധം നമ്മുടെ നിയമ വ്യവസ്ഥയോടും നീതിന്യായ സംവിധാനത്തോടും ജനങ്ങള്‍ക്ക് അവമതിയുണ്ടാക്കാനിടവരുത്തും. ഇക്കാര്യം ഗൗരവമായി പരിഗണിച്ച് മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കി അന്യായമായ വിചാരണത്തടവ് അവസാനിപ്പിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ കൈകൊള്ളാന്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനു മേല്‍ പാര്‍ട്ടി ദേശീയ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തണം.
സംസ്ഥാന പ്രസിഡന്റ് വി. അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. വി.പി.എം ഇസ്ഹാഖ്, എന്‍.വി അബ്ദുറസാഖ് സഖാഫി മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, എം. അബ്ദുല്‍ മജീദ്, അബ്ദുല്‍ റശീദ് നരിക്കോട്, കെ.ഐ ബഷീര്‍, എ.എ റഹീം, കബീര്‍ എളേറ്റില്‍, ഹാഷിര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. കെ.അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.