ന്യൂഡല്‍ഹി: സഹസ്രകോടികളുടെ നിധിശേഖരമുള്ള തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ് സമിതി പ്രവര്‍ത്തിക്കുക. നിലവില്‍ ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്തുന്ന സമിതിയുടെ അധ്യക്ഷനായ ഡോ. വേലായുധന്‍ നായര്‍ തന്നെയാകും പുതിയ സമിതിക്കും നേതൃത്വം നല്‍കുക.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി പൊതുജനങ്ങളില്‍ നിന്നും ഭക്തജനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനും സുപ്രീം കോടതി അനുമതി നല്‍കി. സംഭാവനകള്‍ പ്രത്യേക അക്കൗണ്ട് നിര്‍മിച്ച് അതിലേക്ക് ശേഖരിക്കാം. ക്ഷേത്ര പരിസരത്തെ അനധികൃത കൈയേറ്റങ്ങള്‍ നിയമപ്രകാരം ഒഴിപ്പിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.