ഭര്‍ത്താവിനെ കാണാന്‍ ഇനിയും ജയിലില്‍ പോകും: കെ കെ ലതിക

Posted on: December 11, 2013 12:55 am | Last updated: December 11, 2013 at 1:03 am

കോഴിക്കോട്: നിയമപരമായി തന്നെ തടയാത്ത കാലത്തോളം പി മോഹനന്‍ മാസ്റ്ററെ കാണാന്‍ ജയിലില്‍ പോകുമെന്ന് ഭാര്യ കെ കെ ലതിക എം എല്‍ എ. ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ ഭര്‍ത്താവിനെ കാണാന്‍ ജയിലില്‍ പോയത് നിയമപരമായി ശരിയല്ലെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. പി മോഹനനെ മാത്രമാണ് കഴിഞ്ഞ രണ്ടിന് ജയിലില്‍ വെച്ച് കണ്ടതെന്നും ലതിക അറിയിച്ചു. ടി പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വാര്‍ത്ത പുറത്തുവന്ന ദിവസം ലതിക ഭര്‍ത്താവിനെ ജയിലില്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ലതിക.
കഴിഞ്ഞ രണ്ടിന് രാവിലെ 9.50ന് വീട്ടില്‍ നിന്നും ഇറങ്ങിയ താന്‍ 11 മണിക്കാണ് ജില്ലാ ജയിലിലെത്തിയത്. ഡ്രൈവറും പി എയും മകനും ഉണ്ടായിരുന്നു. അപേക്ഷ നല്‍കിയാണ് ജയിലില്‍ കയറിയത്. മൊബൈല്‍ ഫോണുകള്‍ അവിടെ വാങ്ങിവെച്ചിരുന്നു. മോഹനനെ കണ്ടു വസ്ത്രം കൈമാറി. മഹിളാ അസോസിയേഷന്റെ ജില്ലാ കമ്മിറ്റിയോഗം ഉള്ളതിനാല്‍ വേഗം പുറത്തിറങ്ങി. ഈ സമയം പ്രതികളുടെ ഫോണ്‍ ഉപയോഗം സംബന്ധിച്ച വാര്‍ത്ത ചാനലുകളില്‍ വരുന്നത് അറിഞ്ഞിരുന്നില്ല. ജയിലിന് പുറത്തിറങ്ങിയപ്പോള്‍ ചാനല്‍ ലേഖകനാണ് ഫെയ്‌സ്ബുക്ക് കാര്യം തന്നോട് പറയുന്നത്. ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞിട്ടില്ല – ലതിക പറഞ്ഞു.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമുള്ള റസ്റ്റോറന്റില്‍ വെച്ച് കഴിഞ്ഞ മാസം ഏഴിന് മോഹനനുമായി ലതിക കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച ചോദ്യത്തിന് ‘പി മോഹനന്‍ ആശുപത്രിയില്‍ ചികിത്സക്കായിവരുന്ന തീയതി ഒന്നര മാസം മുമ്പ് അറിയാമായിരുന്നു’ എന്ന് ലതിക പറഞ്ഞു. ശാരീരിക സുഖമില്ലാത്ത ഭര്‍ത്താവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവരുന്നു എന്നറിഞ്ഞാണ് ഒന്നര മണിക്കൂറോളം കാത്ത് നിന്ന ശേഷം കണ്ടത്. അദ്ദേഹത്തിനു വെള്ളം വേണമെന്ന് പറഞ്ഞപ്പോള്‍ പോലീസുകാരുടെ സാന്നിധ്യത്തിലാണ് ഹോട്ടലില്‍ കൊണ്ടു പോയത്. അതും വിവാദമാക്കിയെന്നും ലതിക പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് മകന്‍ ജൂനിയസ് നികിതാസിനെതിരെ പോലീസ് കള്ളക്കേസ് എടുത്തത്. അതിന്റെ പേരില്‍ മകനെ കാപ്പാ നിയമപ്രകാരം നാടുകടത്താന്‍ തീരുമാനിച്ചതായും ലതിക ആരോപിച്ചു.
മോഹനനെ സന്ദര്‍ശിക്കാന്‍ ഇതുവരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തയ്യാറാകാത്തത് സംബന്ധിച്ച ചോദ്യത്തിന് ‘ഞങ്ങള്‍ക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണ ?’ ലതിക തിരിച്ചു ചോദിച്ചു.