Connect with us

Gulf

ആരോഗ്യം ജനങ്ങളുടെ അവകാശം: ശൈഖ് മുഹമ്മദ്

Published

|

Last Updated

അബുദാബി: സ്വദേശികള്‍ക്ക് സമഗ്ര ആരോഗ്യ പരിശോധനാ പദ്ധതി അംഗീകരിച്ചുകൊണ്ട് പ്രത്യേക യു എ ഇ മന്ത്രിസഭാ സമ്മേളനം സമാപിച്ചു. അര്‍ബുദ രോഗികള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാകും. ഉള്‍പ്രദേശങ്ങളിലേക്ക് മൊബൈല്‍ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കും.

ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് ജനങ്ങളില്‍ നിന്ന് അത്ഭുതകരമായ ആശയങ്ങള്‍ ലഭ്യമായതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
ബനിയാസ് ഐലന്റില്‍ രണ്ടു ദിവസത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. ജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ചതിന്റെ അടിസ്ഥാന ലക്ഷ്യം എല്ലാ മേഖലയിലും യു എ ഇയെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കുകയെന്നതാണ്. നമ്മുടെ വിജയവും ഐക്യവും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമാണ്. നമ്മുടെ കണ്ടെത്തലുകളും മുന്നോട്ടുള്ള ഗതിയും ജനങ്ങളുമായുള്ള ആശയവിനിമയത്തില്‍ നിന്നു വേണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സമ്മേളനം. നമ്മുടെ നേതാവ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇതിനെ വലിയ തോതില്‍ പിന്തുണച്ചു. സമ്മേളനത്തിന്റെ വിജയത്തെ യു എ ഇ ജനതക്കു സമര്‍പ്പിക്കുകയാണ്. അവരുടെ സര്‍ഗാത്മകമായ അഭിപ്രായങ്ങള്‍ സമ്മേളനത്തിന് മുതല്‍ക്കൂട്ടായി. സഹോദര രാജ്യങ്ങളിലെ ആളുകളില്‍ നിന്നും കുറേയധികം ആശയങ്ങളും നിര്‍ദേശങ്ങളും ലഭ്യമായി. അവര്‍ക്ക് നന്ദി പറയുകയാണ്. 2008നു ശേഷം നിരവധി മന്ത്രിസഭാ സമ്മേളനങ്ങള്‍ നടന്നു. നിരവധി വെല്ലുവിളികളെ അതിജീവിച്ചു. ഈ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം ആരോഗ്യമേഖലക്കു വേണ്ടിയാണ് നീക്കിവെച്ചത്. സമൂഹത്തിന്റെ ആരോഗ്യം അതിനു വേണ്ടിവരുന്ന ചികിത്സയുടെയും ചെലവിന്റെയും അടിസ്ഥാനമാക്കിയല്ല, കണക്കാക്കുന്നത്. ആരോഗ്യം അവരുടെ അവകാശമാണ്. ഭരണകൂടത്തിന്റെ എല്ലാ വാതിലുകളും തുറന്നുവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി അഭിപ്രായങ്ങള്‍ ആര്‍ക്കും രേഖപ്പെടുത്താം-ശൈഖ് മുഹമ്മദ് പറഞ്ഞു. ബനിയാസിലെ മന്ത്രിസഭാ സമ്മേളനം സവിശേഷമായ ഒന്നായിരുന്നുവെന്ന് യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ സവിശേഷതകള്‍ പരസ്പരം മനസിലാക്കാന്‍ സമ്മേളനത്തിനു കഴിഞ്ഞു. ശൈഖ് മുഹമ്മദും മറ്റ് മന്ത്രിമാരും ബനിയാസ് ദ്വീപിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.