Connect with us

Sports

ഓസീസിന് രണ്ടാം ജയം

Published

|

Last Updated

അഡലെയ്ഡ്: മിച്ചല്‍ ജോണ്‍സന്‍ തുടങ്ങി വെച്ചത് റിയാന്‍ ഹാരിസും പീറ്റര്‍ സിഡിലും ചേര്‍ന്ന് പൂര്‍ത്തിയാക്കി. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 218 റണ്‍സിന് തകര്‍ത്ത് ആസ്‌ത്രേലിയ ആഷസില്‍ 2-0ന് മുന്നിലെത്തി, പരമ്പരയില്‍ പിടിമുറുക്കി. വെള്ളിയാഴ്ച ആസ്‌ത്രേലിയയുടെ വിജയഗ്രൗണ്ടായ പെര്‍ത്തില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കും. മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.
ആസ്‌ത്രേലിയ മുന്നോട്ടുവെച്ച 531 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യമായിരുന്നു ഇംഗഌണ്ടിന് മുന്നില്‍. പ്രതിരോധിക്കുക മാത്രമായിരുന്നു ബുദ്ധി. അതും സാധിച്ചില്ല. 312ന് രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു. ഒന്നാമിന്നിംഗ്‌സില്‍ 172ന് ആള്‍ ഔട്ടായതാണ് ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണം. നാല്‍പത് റണ്‍സിന് ഏഴ് വിക്കറ്റെടുത്ത് ഇംഗ്ലണ്ടിനെ തകര്‍ത്ത പേസര്‍ മിച്ചല്‍ ജോണ്‍സന്‍ മാന്‍ ഓഫ് ദ മാച്ച്. രണ്ടാമിന്നിംഗ്‌സില്‍ ജോണ്‍സന് ഒരു വിക്കറ്റെടുക്കാനെ കഴിഞ്ഞുള്ളൂ. എന്നാല്‍, നാല് വിക്കറ്റെടുത്ത പീറ്റര്‍ സിഡിലും മൂന്ന് വിക്കറ്റെടുത്ത റിയാന്‍ ഹാരിസും അവസരത്തിനൊത്തുയര്‍ന്നത് ആസ്‌ത്രേലിയക്ക് രണ്ടാം ജയം സമ്മാനിച്ചു.
ജോ റൂത് (87), കെവിന്‍ പീറ്റേഴ്‌സന്‍ (53), മാറ്റ് പ്രയര്‍ (69) എന്നിവര്‍ക്ക് മാത്രമേ ഇംഗ്ലണ്ട് നിരയില്‍ അര്‍ധസെഞ്ച്വറി നേടാനായുള്ളൂ. സ്റ്റുവര്‍ട് ബ്രോഡ് (29) വാലറ്റത്ത് രക്ഷാശ്രമം നടത്തി. ആന്‍ഡേഴ്‌സന്‍ (13) പുറത്താകാതെ നിന്നു.
ഒന്നാമിന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റിന് 570 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ആസ്‌ത്രേലിയ രണ്ടാമിന്നിംഗ്‌സ് മൂന്നിന് 132ന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ (83), സ്റ്റീവന്‍ സ്മിത് (21) എന്നിവരായിരുന്നു ക്രീസില്‍.
2-0ന് പിറകിലായ ശേഷം, ആഷസില്‍ ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തിയ ചരിത്രമില്ല. എന്നാല്‍, അത് അസാധ്യമല്ലെന്നാണ് ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് പ്രകടിപ്പിച്ച ശുഭാപ്തി.
ക്ലാര്‍ക്കിന്റെ ലക്ഷ്യം
ഈ വിജയം കൊണ്ടൊന്നും ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് തൃപ്തനല്ല. ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാകാന്‍ ഏറെ ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ക്ലാര്‍ക്ക് ഓര്‍മിപ്പിക്കുന്നു. നിലവില്‍ അഞ്ചാം റാങ്കിലാണ് ആസ്‌ത്രേലിയ. ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത്.
പെര്‍ത്തില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കിയതിന് ശേഷമേ ക്യാപ്റ്റന് ശ്വാസം നേരെ വീഴൂ. 2009 ല്‍ കൈവിട്ട ആഷസ് തിരിച്ചുപിടിക്കുന്ന മുഹൂര്‍ത്തമാകും പെര്‍ത്തില്‍ അരങ്ങേറുക. വാകയിലെ പേസി വിക്കറ്റില്‍ ആസ്‌ത്രേലിയക്ക് എന്നും മേധാവിത്വമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇവിടെ അവസാനം കളിച്ച ആറ് ടെസ്റ്റിലും ആസ്‌ത്രേലിയ ജയിച്ചിരുന്നു. പെര്‍ത്തില്‍ ഇംഗ്ലണ്ടിന്റെ അവസാന ജയം 1978ലായിരുന്നു. പെര്‍ത്, മെല്‍ബണ്‍, സിഡ്‌നി ടെസ്റ്റുകളും ജയിച്ചാല്‍ ആഷസ് ആസ്‌ത്രേലിയക്ക് തൂത്തുവാരാം.
ആദ്യ രണ്ട് ടെസ്റ്റുകളിലും കാണിച്ച മേധാവിത്വം തുടരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍.
ഡര്‍ബനില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത മിച്ചല്‍ജോണ്‍സനെ ടീമിന്റെ എക്‌സ് ഫാക്ടര്‍ എന്നാണ് ക്ലാര്‍ക്ക് വിശേഷിപ്പിച്ചത്. 40റണ്‍സിന് ഏഴ് വിക്കറ്റെടുത്ത ജോണ്‍സന്‍ ഇംഗ്ലണ്ടിന് തിരിച്ചുവരവിനുള്ള മാനസികാവസ്ഥ നഷ്ടപ്പെടുത്തി. ന്യൂബൗളറായി, പന്ത്രണ്ട് ഓവര്‍ സ്‌പെല്ലില്‍ മായാജാലം കാണിച്ച ജോണ്‍സനെ കുറിച്ച് പറയാന്‍ ക്ലാര്‍ക്കിന് വാക്കുകളില്ല.
വോന്‍ നിരാശയില്‍
ആസ്‌ത്രേലിയ ആഷസ് 5-0ന് ജയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ബ്രിസ്ബനില്‍ 381 റണ്‍സിനും അഡലെയ്ഡില്‍ 218 റണ്‍സിനും ജയിച്ച ആസ്‌ത്രേലിയക്ക് വ്യക്തമായ മുന്‍തൂക്കം കൈവന്നിരിക്കുന്നു. അവര്‍ ക്രിക്കറ്റിന്റെ അംബാസഡര്‍മാരെ പോലെ വീണ്ടും കളിക്കാന്‍ തുടങ്ങിയിരിക്കുന്നു – ഇംഗ്ലണ്ടിനെ 2005 ആഷസ് ജയത്തിലേക്ക് നയിച്ച വോന്‍ പറഞ്ഞു.
താരതമ്യേന സ്ലോ വിക്കറ്റായ അഡലെയ്ഡില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പുള്‍ഷോട്ട് പോലും കളിക്കാന്‍ സാധിച്ചില്ല. അസാധ്യമായ പേസുള്ള വാകയിലെ പിച്ചില്‍ ഇവരെന്താണ് ചെയ്യാന്‍ പോകുന്നത് ? വോന്‍ ആശങ്കപ്പെടുന്നു. സാങ്കേതി പിഴവുകള്‍ കളിക്കാര്‍ പരിഹരിക്കണം. അല്ലാത്ത പക്ഷം 5-0നാകും തോല്‍ക്കുക.
നമ്മുടെ ബൗളര്‍മാര്‍ക്ക് മികച്ച സ്‌കോര്‍ ഒരുക്കേണ്ടത് ബാറ്റ്‌സ്മാന്‍മാരാണ്. ബാറ്റ് ചെയ്തില്ലെങ്കില്‍ ടെസ്റ്റ് ജയിക്കുക ദുഷ്‌കരമാണ്. അനാവശ്യമായി പുള്‍ ഷോട്ടും ഹുക് ഷോട്ടും കളിച്ച് ഫൈന്‍ ലെഗില്‍ ക്യാച്ചും നല്‍കി മടങ്ങുകയല്ലെ ബാറ്റ്‌സ്മാന്‍മാര്‍ ചെയ്യേണ്ടത് – മുന്‍ നായകന്‍ ജെഫ്രി ബൊയ്‌കൊട്ട് അഭിപ്രായപ്പെട്ടു.
ജോണ്‍സനും സ്റ്റോക്‌സും തമ്മില്‍
മത്സരത്തിനിടെ കൊമ്പുകോര്‍ത്ത ആസ്‌ത്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സനും ഇംഗ്ലണ്ട് ആള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനും ഐ സി സി നടപടി നേരിടേണ്ടി വരും. അച്ചടക്കലംഘനം നടത്തിയ താരങ്ങള്‍ക്ക് ഒരു ടെസ്റ്റില്‍ വിലക്കോ അല്ലെങ്കില്‍ മാച്ച് ഫി മുഴുവനായോ പിഴ ഒടുക്കേണ്ടി വരും. മാച് റഫറി ജെഫ് ക്രോ താരങ്ങളില്‍ നിന്ന് വാദം കോട്ട ശേഷം നടപടി സംബന്ധിച്ച തീരുമാനം അറിയിക്കും.

Latest