Connect with us

International

തെലങ്കാന, വിലവര്‍ധന: ഇരു സഭകളിലും ബഹളം

Published

|

Last Updated

ന്യൂഡല്‍ഹി: തെലങ്കാന, വിലവര്‍ധന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ച വരെ പാര്‍ലിമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെച്ചു. ലോക്‌സഭയും രാജ്യസഭയും ചേര്‍ന്ന ഉടനെ തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി), ഇടത്, ബി എസ് പി അംഗങ്ങള്‍ ഇരുസഭകളുടെയും നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. ലോക്‌സഭയില്‍ ടി ഡി പി അംഗങ്ങള്‍ ആന്ധ്രപ്രദേശ് വിഭജനത്തിനെതിരെ “ആന്ധ്രയെ രക്ഷിക്കൂ” എന്നെഴുതിയ പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധിച്ചത്. ബി എസ് പി അംഗങ്ങളാകട്ടെ, മുസാഫര്‍നഗര്‍ കലാപത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായവും പുനരധിവാസവും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹളമുണ്ടാക്കിയത്. അതേസമയം, ഇടതു പാര്‍ട്ടികള്‍ രാജ്യത്തെ വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിഷേധമുയര്‍ത്തി. റബ്ബര്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ആവശ്യപ്പെട്ടു. ബഹളം ഏറെ നേരം തുടര്‍ന്നതിനാല്‍ സഭ ഉച്ചവരെ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ മീരാ കുമാര്‍ അറിയിക്കുകയായിരുന്നു.
രാജ്യസഭയിലും സമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്. കൂട്ടമായി നടുത്തളത്തിലിറങ്ങിയ ബി എസ് പി അംഗങ്ങള്‍, മുസാഫര്‍നഗര്‍കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. എസ് പി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ഐക്യ ആന്ധ്രപ്രദേശ് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ടി ഡി പിയുടെ രണ്ട് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറിങ്ങി. പ്രതിഷേധക്കാരോട് അവരവരുടെ സീറ്റുകളിലേക്ക് തിരിച്ചുപോകാന്‍ അധ്യക്ഷന്‍ ഹാമീദ് അന്‍സാരി ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് രാജ്യസഭയും ഉച്ചവരെ നിര്‍ത്തിവെക്കുന്നതായി അദ്ദേഹം അറിയിച്ചു.

 

Latest