Connect with us

International

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ യോഗം

Published

|

Last Updated

ന്യുഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമേറ്റ കോണ്‍ഗ്രസ് ആത്മപരിശോധനക്കായി മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു. ഡല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് നേരിട്ടത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചത്.
ഇന്നലെ ഫലപ്രഖ്യാപനം നടന്ന മിസോറാമില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. ഈ വിജയത്തില്‍ പാര്‍ട്ടി നേതൃത്വം ആശ്വാസം കൊള്ളുകയാണ്. അതോടൊപ്പം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള തിരക്കിലാണ് നേതാക്കള്‍. ഡല്‍ഹിയില്‍ നാലാം തവണയും അധികാരത്തിലേറാമെന്ന് പ്രതീക്ഷ പുലര്‍ത്തിയിരുന്ന കോ ണ്‍ഗ്രസിന് 70 അംഗസഭയില്‍ എട്ട് സീറ്റേ നേടാനായുള്ളു. ഇവിടെ ഒരു കക്ഷിക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ചിലരെങ്കിലും ചരടുവലികള്‍ നടത്തുന്നുണ്ട്. രാജസ്ഥാനില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം കിട്ടിയിട്ടുണ്ട്. വോട്ടെടുപ്പ് നടന്ന 199 സീറ്റുകളില്‍ 162ഉം ബി ജെ പി നേടി. ഒരു സീറ്റിലെ പോളിംഗ് ഡിസംബര്‍ 13വരെ മാറ്റിവെച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണം കൈയാളിയിരുന്ന കോണ്‍ഗ്രസിന് രാജസ്ഥാനില്‍ 21 സീറ്റുകളേ ലഭിച്ചിട്ടുള്ളു.
മധ്യപ്രദേശില്‍ ബി ജെ പി ഭരണം നിലനിര്‍ത്തി. 230 അംഗ സഭയില്‍ ബി ജെ പിക്ക് 165 സീറ്റുകളുണ്ട്. കോണ്‍ഗ്രസിന് 58 സീറ്റേ നേടാനായുള്ളു. ഛത്തിസ്ഗഢില്‍ ബി ജെ പി അധികാരം നിലനിര്‍ത്തി. 90 അംഗ സഭയില്‍ അവര്‍ 49 സീറ്റുകള്‍ നേടിയെടുത്തു. കോണ്‍ഗ്രസിന് 39 സീറ്റുകളാണുള്ളത്.

 

Latest