ബ്ലൂസ്റ്റാര്‍ കായികോത്സവം ആവേശമായി

Posted on: December 9, 2013 7:52 pm | Last updated: December 9, 2013 at 7:52 pm

അല്‍ ഐന്‍: അല്‍ ഐന്‍ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ പതിനാറാമത് അല്‍ ഐന്‍ ബ്ലൂ സ്റ്റാര്‍ കുടുംബ കായികോല്‍സവം സമാപിച്ചു. ഒളിമ്പ്യന്‍ ഷൈനി വില്‍സന്‍, നീന്തല്‍ താരം വില്‍സന്‍ ചെറിയാന്‍, രാജ്യാന്തര പഞ്ചഗുസ്തി താരം ജോബി മാത്യു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആയിരങ്ങള്‍ അണിനിരന്നു.
ഉദ്ഘാടന ചടങ്ങില്‍ മുഖ്യ രക്ഷാധികാരി ഗംഗാരമണി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമൃതകുമാര്‍, അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജനക് കുമാര്‍ ഭട്ട്, ജനറല്‍ സെക്രട്ടറി ടി വി എന്‍ കുട്ടി, ബ്ലൂ സ്റ്റാര്‍ പ്രസിഡന്റ് ജോയ് തണങ്ങാടന്‍, ജനറല്‍ സെക്രട്ടറി ആനന്ദ് പവിത്രന്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്ലക്കോയ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച്പാസ്റ്റിലും ദീപശിഖാ പ്രയാണത്തിലും പതിനാല് ടീമുകള്‍ പങ്കെടുത്തു. വിശിഷ്ടാതിഥികള്‍ ബലൂണുകള്‍ പറത്തിയാണ് കായികമേള ഉദ്ഘാടനം ചെയ്തത്.
പന്ത്രണ്ട് ടീമുകള്‍ മത്സരിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്‌പോര്‍ടിങ് അബുദാബി ജേതാക്കളായി. കലീമാ കര്‍ട്ടന്‍സ് രണ്ടാം സ്ഥാനം നേടി. കബഡി മല്‍സരത്തില്‍ സംഘചേതന ഉതരിക്കോട് വിജയിച്ചു. ബാസ്‌കറ്റ് ബോള്‍ മല്‍സരത്തില്‍ വീവണ്‍ അല്‍ ഐന്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ നിംസ് ഷാര്‍ജ രണ്ടാമതെത്തി. പുരുഷ വിഭാഗം വടംവലി മല്‍സരത്തില്‍ കോട്ടൂല്‍ പ്രവാസി ടീമും വനിതാ വിഭാഗത്തില്‍ പ്രിന്‍സസ് വാരിയേഴ്‌സും വിജയിച്ചു.
ഫസല്‍ വഹീദ്, കെ ശിവാനി (സബ് ജൂനിയര്‍), ഖാദര്‍ കായില്‍, കുല്‍സൂം ആസാദ് (ജൂനിയര്‍), മുഹമ്മദ് മുനീര്‍, ആന്‍സ്റ്റണ്‍ തോമസ്, മുബാന്‍ യാസീന്‍, മര്‍വാ മുഹമ്മദ് (സീനിയര്‍), എമാല്‍ സാജു ഡാനി (സൂപ്പര്‍ സീനിയര്‍) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി.