കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ കലോത്സവത്തിന് ഇന്ന് തുടക്കം

Posted on: December 9, 2013 1:23 pm | Last updated: December 9, 2013 at 1:23 pm

വേങ്ങര: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ആദ്യ കലോത്സവത്തിന് ഇന്ന് യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ തുടക്കമാവും. സര്‍വകലാശാലക്കുള്ളില്‍ തയ്യാറാക്കിയ അഞ്ച് വേദികളിലായാണ് സ്റ്റേജിന മത്സരങ്ങള്‍ നടക്കുക. സ്റ്റേജിതര മത്സരങ്ങള്‍ കഴിഞ്ഞ 29, 30 തീയതികളില്‍ നടന്നിരുന്നു. സര്‍വകലാശാല പരിധിയില്‍ ആറ് സോണുകളിലായി നടന്ന മത്സരത്തിലെ ഒന്ന്, രണ്ട് സ്ഥാനക്കാരാണ് യൂനിവേഴ്‌സിറ്റി തല മത്സരത്തില്‍ മാറ്റുരക്കുന്നത്.
മത്സര വജിയികള്‍ക്ക് റഗുലര്‍ കോളജുകള്‍ക്ക് നല്‍കുന്ന അതേ മാനദണ്ഡത്തില്‍ ഗ്രൈസ് മാര്‍ക്ക് നല്‍കാനും സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. യൂനിവേഴ്‌സിറ്റി അംഗീകാരം നല്‍കിയ കൗണ്‍സിലിംഗ് സെന്ററുകളിലെ വിദ്യാര്‍ഥികള്‍ സെന്റര്‍ തലത്തിലും മറ്റു വിദ്യാര്‍ഥികള്‍ ഇന്റജ്വലുമായാണ് സോണല്‍ തല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. 38 ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പങ്കാളികളാവുന്നത്. സി എച്ച് മെമ്മോറിയല്‍ ലൈബ്രറിക്ക് സമീപമാണ് നുപൂരം ഒന്നാം വേദി. സെമിനാര്‍ കോംപ്ലക്‌സിലെ പ്രധാന ഹാള്‍ ദര്‍ബാറാണ് രണ്ടാം വേദി.
സര്‍വകലാശാല ഓഡിറ്റോറിയം ഇശല്‍ മൂന്നാം വേദിയായും സെമിനാര്‍ സൈഡ് ഹാള്‍ അരോമ നാലാം വേദിയായും സെനറ്റ് ഹൗസ് ധ്വനി അഞ്ചാം വേദിയായും പ്രവര്‍ത്തിക്കും. സ്ഥാനങ്ങള്‍ ലഭിക്കുന്ന ജില്ലകള്‍ക്കും വിജയികള്‍ക്കും സര്‍വകലാശാല തന്നെ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ഓഫീസിലെത്തണം.