Connect with us

Kerala

കരിപ്പൂരില്‍ വിമാന സംരക്ഷണത്തിന് വേട്ടപ്പക്ഷികളെ ഉപയോഗിക്കുന്നു

Published

|

Last Updated

കൊണ്ടോട്ടി: പക്ഷികള്‍, റണ്‍വേയിലെ മറ്റ് ജീവികള്‍ എന്നിവയില്‍ നിന്ന് വിമാനത്തെ സംരക്ഷിക്കുന്നതിന് വേട്ടപ്പക്ഷികളെ ഉപയോഗിക്കുന്ന പദ്ധതി തയ്യറാക്കുന്നു. ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫസറും പരിസ്ഥിതി പഠന വിഭാഗം സ്‌പെഷ്യല്‍ ഓഫീസറുമായ ഡോ. സുബൈര്‍ മേടമ്മലിനെ ചുമതലപ്പെടുത്തി.
കരിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് രാത്രി ഷാര്‍ജയിലേക്ക് പുറപ്പെടുന്നതിനായി പറക്കാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ പ്രൊപ്പല്ലറില്‍ പനവെരുക് കുടുങ്ങി അപകടമുണ്ടായിരുന്നു. പൈലറ്റിന്റെ മനോബലം കാരണമായി വിമാനം സുരക്ഷിതമായി തിരിച്ചിറക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യന്ത്രത്തകരാര്‍ സംഭവിച്ച വിമാനം കേടുപാടുകള്‍ തീര്‍ക്കാന്‍ 20 കോടിയിലധികം ചെലവഴിക്കേണ്ടി വന്നു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് 1.47 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. ആകാശത്തും റണ്‍വേയിലും പക്ഷികളെയും മറ്റും തുരത്തുന്നതിനുള്ള അള്‍ട്രാ സൗണ്ട് ജനറേറ്റര്‍ ഉള്‍പ്പടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് പദ്ധതി തയാറാക്കിയത്. എന്നാല്‍ കരിപ്പൂരില്‍ മാത്രം ഇത്തരമൊരു സംവിധാനം ഒരുക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് അംഗീകാരം കിട്ടില്ലെന്ന് വന്നതോടെയാണ് വേട്ടപ്പക്ഷികളെ ഉപയോഗിച്ച് സുരക്ഷാ സംവിധാനം ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ഇതിനുള്ള പഠനം നടത്താന്‍ തീരുമാനമായി. കലക്ടര്‍ കെ ബിജു, എയര്‍പോര്‍ട്ട് ഡയറക്ടര്‍ പീറ്റര്‍ കെ അബ്രഹാം എന്നിവരാണ് ഡോ. സുബൈറിനെ ചുമതലയേല്‍പ്പിച്ചത്. ചൈന, അമേരിക്ക, ബ്രിട്ടന്‍, കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ വ്യോമയാന സുരക്ഷക്ക് ഫാല്‍ക്കന്‍ വേട്ടപ്പക്ഷിയെ ഉപയോഗിക്കുന്നുണ്ട്. വിമാനങ്ങള്‍ വരുന്നതിനും പുറപ്പെടുന്നതിനും മുമ്പ് ആകാശത്തും റണ്‍വേയിലുമുള്ള പക്ഷികളേയും ജന്തുക്കളേയും വേട്ടയാടി ഇവ സുരക്ഷാ മാര്‍ഗമൊരുക്കുന്നുണ്ട്. പദ്ധതി വിജയിച്ചാല്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ജയ്പൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, മംഗലാപുരം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും ഫാല്‍ക്കന്‍ പക്ഷികളെ ഉപയോഗപ്പെടുത്തും. ഡോ. സുബൈര്‍ പദ്ധതി തയ്യാറാക്കി കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് നല്‍കും. തുടര്‍ന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനു കൈമാറും. ഫാല്‍ക്കന്‍ പക്ഷികളെ സംബന്ധിച്ച പഠനത്തില്‍ ഇന്ത്യയില്‍ ഡോക്ടറേറ്റ് നേടിയ ഏക വ്യക്തിയാണ് ഡോ. സുബൈര്‍. കഴിഞ്ഞ മാസം ചൈനയില്‍ ഫാല്‍ക്കന്‍ പക്ഷികളെ സംബന്ധിച്ച് നടന്ന പഠന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിരുന്നു.
ജര്‍മനിയില്‍ പരിശീലനം ലഭിച്ച ഫാല്‍ക്കന്‍ പക്ഷികള്‍ യഥേഷ്ടമുണ്ടെന്നും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫാല്‍ക്കന്‍ പക്ഷികളെ ലഭ്യമാക്കാവുന്നതാണെന്നും ഡോ. സുബൈര്‍ പറഞ്ഞു.