Connect with us

International

ദക്ഷിണാഫ്രിക്ക പ്രാര്‍ഥനാ ദിനം ആചരിച്ചു

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്: രാഷ്ട്ര പിതാവിനോടുള്ള ആദര സൂചകമായി ദക്ഷിണാഫ്രിക്കയിലെങ്ങും പ്രാര്‍ഥനാ സംഗമങ്ങള്‍. രാജ്യത്തെ ആരാധനാലയങ്ങളില്‍ നെല്‍സണ്‍ മണ്ടേലക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ടേലെയോടുള്ള ആദരസൂചകമായി രാജ്യം ഇന്നലെ പ്രാര്‍ഥനാ ദിനമായി ആചരിക്കുകയായിരുന്നു. മണ്ടേല ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അവ മറക്കാതിരിക്കാനും ജനങ്ങള്‍ തയ്യാറാകണമെന്ന് പ്രസിഡന്റ് ജേക്കബ് സുമ ആവശ്യപ്പെട്ടു.
ജോഹന്നാസ്ബാര്‍ഗിലെ മെതോഡിസ്റ്റ് ചര്‍ച്ചില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മെതോഡിസ്റ്റ് ചര്‍ച്ചില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ മണ്ടേലയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു.
അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള സ്മരണ യാത്രകളും ഔദ്യോഗിക അനുസ്മരണ സമ്മേളനവും അടക്കമുള്ള പരിപാടികള്‍ക്ക് നാളെ തുടക്കമാകും. ദക്ഷിണാഫ്രിക്കയുടെ വിമോചന നേതാവും പ്രഥമ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേല പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് അന്തരിച്ചത്. മണ്ടേലയോടുള്ള ആദരസൂചകമായി ചര്‍ച്ചുകളിലും മറ്റും ജനങ്ങള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും മെഴുകുതിരികള്‍ കത്തിച്ചുവെക്കുകയും ചെയ്തു. വിവിധ നഗരങ്ങളിലും ചര്‍ച്ചുകളിലും നടന്ന പ്രാര്‍ഥന സമ്മേളനത്തില്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തരായ വ്യക്തികള്‍ക്ക് നിരന്തരം പ്രചോദനമാകുന്ന ശക്താനായ നേതാവായിരുന്നു മണ്ടേലയെന്ന് കേപ് ടൗണിലെ ആര്‍ച്ച് ബിഷപ്പ് താബോ മഗോബ വ്യക്തമാക്കി.