Connect with us

International

ഹൈയാന്‍ ദുരന്തത്തില്‍ നിന്ന് കരകയറാനാകാതെ ഫിലിപ്പൈന്‍സ്‌

Published

|

Last Updated

മനില: ഒരുമാസം മുമ്പ് ഹൈയാന്‍ കൊടുങ്കാറ്റ് നാശം വിതച്ച ഫിലിപ്പൈന്‍സിലെ നഗരങ്ങള്‍ ഇനിയും പൂര്‍വസ്ഥിതിയിലായില്ല. കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെട്ടവര്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്ക് സമീപം താത്കാലിക ഷെഡ്ഡുകളിലാണ് താമസിക്കുന്നത്. നഗരങ്ങളുടെ പുനര്‍നിര്‍മാണത്തിന് ഇനിയും വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊടുങ്കാറ്റ് തകര്‍ത്ത കെട്ടിടങ്ങളുടെ ഇടയില്‍ ജനങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നതും ഉറങ്ങുന്നതും പതിവ് കാഴ്ചയായിരിക്കുകയാണ്. നിരവധി പേര്‍ക്ക് അടിയന്തര സഹായം ലഭിച്ചിട്ടുണ്ടെങ്കിലും നാമമാത്രമാണെന്ന് യു എന്‍ ഓഫീസ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഫിലിപ്പൈന്‍ ജനത ഓരോ വര്‍ഷവും 20ഓളം കൊടുങ്കാറ്റുകളെ നേരിടേണ്ടിവരുന്നുണ്ടെങ്കിലും ഹൈയാന്‍ കൊടുങ്കാറ്റ് റെക്കോഡ് നാശനഷ്ടമാണ് ഉണ്ടാക്കിയത്.

സര്‍ക്കാര്‍ കണക്ക്പ്രകാരം ഹൈയാന്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് 5,796 പേര്‍ മരിക്കുകയും 1,779പേരെ കാണാതാവുകയുമുണ്ടായി. മണിക്കൂറില്‍ 315 കി.മീറ്റര്‍ വേത്തില്‍ ആഞ്ഞ് വീശി ചരിത്രം സ്യഷ്ടിച്ച ഹൈയാനെത്തുടര്‍ന്ന് റെക്കോഡ് മണ്ണിടിച്ചിലുമുണ്ടായി. കാറ്റിനെത്തുടര്‍ന്ന് തീരപ്രദേശത്ത് രണ്ട് നിലകെട്ടിടത്തിന്റെ ഉയരത്തില്‍ പൊങ്ങിയ വെള്ളം ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കനത്ത ദുരന്തമാണ് സമ്മാനിച്ചത്. കാറ്റില്‍ പത്ത് ലക്ഷത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിക്കുകയോ ചെയ്തിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറി നിരവധിപേര്‍ മരിച്ചിരുന്നു. കഴിഞ്ഞ മാസം എട്ടിന് വീശിയടിച്ച ഹൈയാന്‍ അഞ്ച് ലക്ഷത്തോളം കുടുംബങ്ങളെയാണ് ബാധിച്ചത്.