Connect with us

Eranakulam

പ്രതീക്ഷയേകുന്ന പദ്ധതികള്‍ക്ക് വഴിതുറന്ന് ബജറ്റ് ചര്‍ച്ച

Published

|

Last Updated

കൊച്ചി: സ്വര്‍ണത്തിന്റെ വാറ്റ് നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറക്കുന്ന കാര്യം സംസ്ഥാന ബജറ്റില്‍ പരിഗണിക്കുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിഷയം സബ്ജക്ട് കമ്മിറ്റി പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാറിന്റെ തീരുമാനമുണ്ടാകുമെന്ന് കൊച്ചിയില്‍ നികുതി വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രി ബജറ്റ് ചര്‍ച്ചയില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ അദ്ദേഹം അറിയിച്ചു. നികുതി പരിഷ്‌കരണവും നികുതി പിരിവിന്റെ കാര്യശേഷി വര്‍ധിപ്പിക്കുന്നതും നികുതി ചോര്‍ച്ച തടയുന്നതും സംബന്ധിച്ച് ഉയര്‍ന്നുവന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കുമെന്ന്് മാണി ഉറപ്പ് നല്‍കി.
സെല്‍ഫ് സീല്‍ഡ് കണ്ടെയ്‌നറുകള്‍ക്ക് വല്ലാര്‍പാടം ഇന്റര്‍നാഷനല്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഗ്രീന്‍ ചാനല്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കും. പോര്‍ട്ട് ട്രസ്റ്റും കണ്ടെയ്‌നര്‍ കയറ്റുമതിക്കാരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആയുര്‍വേദ ഉത്പന്നങ്ങളുടെ മുന്‍കാല നികുതി ഇളവ് ചെയ്യുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. സബ്ജക്ട് കമ്മിറ്റി അടുത്ത ആഴ്ച ചേരുമ്പോള്‍ ഇതു സംബന്ധിച്ച് ധാരണയുണ്ടാകും.
എം സാന്‍ഡിന്റെ നികുതി ഘടനയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലെ ശിപാര്‍ശ ബജറ്റില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ധനകാര്യ വകുപ്പിന് കീഴിലെ ഓഡിറ്റ് അസെസ്‌മെന്റ് വിംഗ് പുന:സ്ഥാപിക്കുന്ന കാര്യവും ബേക്കറി ഉത്പന്നങ്ങള്‍ക്കും കാര്‍ഷികാധിഷ്ഠിത ഉത്പന്നങ്ങള്‍ക്കും നികുതി ഇളവ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ചാരിറ്റബിള്‍ സൊസൈറ്റികള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനുള്ള പിഴ ഒഴിവാക്കുന്ന കാര്യവും അപ്പാര്‍ട്ടമെന്റ് ഓണര്‍ഷിപ്പ് ആക്ട് ഭേദഗതിയും ഓണ്‍ലൈന്‍ ട്രേഡിംഗ് നിയന്ത്രണവും ബജറ്റില്‍ പരിഗണിക്കും. ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വ്യവസായ സൗഹൃദ സമീപനം സര്‍ക്കാര്‍ സ്വീകരിക്കും.
പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെക്ക്‌പോസ്റ്റ് നവീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കും. ചെക്ക്‌പോസ്റ്റ് നവീകരണം വൈകാന്‍ കാരണം ആവശ്യത്തിന് സ്ഥലം കിട്ടാത്തതാണ്. സ്ഥലം ആവശ്യത്തിന് കിട്ടിയിരുന്നെങ്കില്‍ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് സ്ഥാപിക്കാന്‍ നേരത്തെ തന്നെ കഴിയുമായിരുന്നു. ലഭ്യമായ സ്ഥലത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും പരിഷ്‌കരിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ചെക്ക് പോസ്റ്റുകളില്‍ സ്‌കാനര്‍ സംവിധാനം ഘട്ടം ഘട്ടമായി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കും. ഒരു സ്‌കാനറിന് 20 കോടി രൂപ വരെയുണ്ടെന്നും ചെലവേറിയതാണെങ്കിലും സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജെന്‍ഡര്‍ ബജറ്റിംഗ് സംബന്ധിച്ച നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. എന്നാല്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് നിലവില്‍ തദ്ദേശ തലത്തില്‍ സംവിധാനങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് നിശ്ചിത ശതമാനം വനിതകളുടെ ക്ഷേമത്തിനായി മാറ്റി വെക്കാന്‍ നിര്‍ദേശമുണ്ട്.
സമൂഹത്തിന്റെ വിവധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നൂറിലേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ലഭിച്ചു. ധനകാര്യവകുപ്പ് ടാക്‌സസ് സെക്രട്ടറി അജിത്കുമാര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ജോസ് ജേക്കബ്, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് ജോസ് പങ്കെടുത്തു.