ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹര്‍ക്ക് ലഭിക്കാനുള്ള ഉത്തരവാദിത്വം ഗ്രാമസഭകളെ ഏല്‍പ്പിക്കും: മുഖ്യമന്ത്രി

Posted on: December 8, 2013 7:29 am | Last updated: December 8, 2013 at 7:29 am

ആലപ്പുഴ: ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് മുഴുവന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഗ്രാമസഭകളെ ഉത്തരവാദിത്വം ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്ക പരിപാടി എല്ലാ ജില്ലകളിലും പൂര്‍ത്തിയായശേഷം ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന പുതിയ തീരുമാനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമസഭകള്‍ സജീവമായാല്‍ ഇത്തരം ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അവ വഴി എത്തിക്കാനാകും. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ആലോചിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിഹാരമുണ്ടാക്കാവുന്ന കാര്യങ്ങള്‍ പരിഗണിക്കുന്നു എന്നതു മാത്രമല്ല ജനസമ്പര്‍ക്ക പരിപാടിയുടെ പ്രസക്തി. ചില പരാതികള്‍ക്കു പരിഹാരമുണ്ടാകേണ്ടതുണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടെങ്കിലും ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്നില്ല. അര്‍ഹിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ വ്യവസ്ഥകളിലും ചട്ടങ്ങളിലും മാറ്റം വരുത്തണം. ജനസമ്പര്‍ക്ക പരിപാടിയുടെ ഏറ്റവും വലിയ നേട്ടം ഇത്തരം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി എന്നതാണ്.
വിവിധ ജില്ലകളില്‍ നടന്നുവരുന്ന ജനസമ്പര്‍ക്ക പരിപാടിയിലുയര്‍ന്ന നിര്‍ദേശങ്ങളനുസരിച്ച് ഇനിയും നയപരമായ മാറ്റങ്ങള്‍ വരുത്തും. നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.