കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന്

Posted on: December 8, 2013 12:01 am | Last updated: December 8, 2013 at 7:00 am

മുക്കം: പത്താം വാര്‍ഡ് അംഗം വി കെ വിനോദിനെ അയോഗ്യനാക്കാനുള്ള യു ഡി എഫിന്റെ നേതൃത്വത്തിലുള്ള നീക്കം ഇലക്ഷന്‍ കമ്മീഷനും ഹൈക്കോടതിയും തള്ളിയ സാഹചര്യത്തില്‍ ഇതിന് ഗൂഢാലോചന നടത്തിയ ഗ്രാമ പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് എല്‍ ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുത്തില്ലെന്ന കാരണം പറഞ്ഞാണ് സെക്രട്ടറി അയോഗ്യതാ നോട്ടീസ് നല്‍കിയത്. എന്നാല്‍ അതിലൊരു യോഗത്തില്‍ അംഗം പങ്കെടുത്ത് ഒപ്പ് വെച്ചതായി ഇലക്ഷന്‍ കമ്മീഷന് ബോധ്യമായിട്ടുണ്ട്. ബാക്കി രണ്ട് യോഗങ്ങള്‍ക്കും അറിയിപ്പ് ലഭിച്ചിരുന്നില്ല.
അയോഗ്യനാക്കാനുള്ള അധികാരം ഇലക്ഷന്‍ കമ്മീഷനാണെന്നും നോട്ടീസിന് മുമ്പുള്ള നിലയില്‍ തന്നെ അംഗമായി തുടരുമെന്നുമാണ് ഇലക്ഷന്‍ കമ്മീഷന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. ഹരജി കാത്തുനില്‍ക്കാതെ, ഭരണസമിതിയിലോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെ ഹൈക്കോടതിയെ സമീപിച്ചത് ചട്ട വിരുദ്ധമാണ്. ഗ്രാമ പഞ്ചായത്ത് സാമ്പത്തിക പ്രയാസങ്ങളാല്‍ പൊറുതിമുട്ടുമ്പോള്‍ ഒരു അംഗത്തെ അയോഗ്യനാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അംഗങ്ങള്‍ പറഞ്ഞു.
കെ ശിവദാസന്‍, വി കെ വിനോദ്, മനോജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.