കാല്‍നട യാത്രക്കാരനെ ഇടിച്ച ലോറി മറിഞ്ഞു

Posted on: December 8, 2013 6:00 am | Last updated: December 8, 2013 at 6:57 am

ചങ്ങരംകുളം: പന്താവൂര്‍ പാലത്തിന് സമീപം വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം പാലത്തിന്റെ കൊടും വളവില്‍ അപ്രോച്ച് റോഡിലെ നടപ്പാതയിലൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന ആളെ ഇടിച്ച് തെറിപ്പിച്ച ടിപ്പര്‍ലോറി പാലത്തിന് നടുവില്‍ മറിഞ്ഞു.
അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി വളവില്‍ നിയന്ത്രണംവിട്ട് വഴിയാത്രക്കാരനെ ഇടിക്കുകയും മറിയുകയുമായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെഴിക്കര സ്വദേശിയായ സെയ്തുമുഹമ്മദ് മാന്തടത്തുള്ള ഭാര്യ വീട്ടിലേക്ക് താമസത്തിനെത്തിയ ദിവസം പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു. ഗുരുതരമായി പരുക്കേറ്റ് സെയ്തുമുഹമ്മദ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. രണ്ട്മാസങ്ങള്‍ക്ക് മുന്‍പ് ചരക്കു ലോറി ഇവിടെ അപകടത്തില്‍പെട്ട് മറിഞ്ഞിരുന്നു. ഇതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ലോറിയും ഇതേസ്ഥലത്തുവെച്ച് അപകടത്തില്‍ മറിഞ്ഞിരുന്നു. വാഹനങ്ങളുടെ അമിത വേഗതയും വേണ്ടത്ര അപകട സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും റോഡിന്റെ നിര്‍മാണത്തിലെ അപാകതയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.