കോണ്‍ഗ്രസ് – ലീഗ് തര്‍ക്കം: ചോക്കാട് പഞ്ചായത്തില്‍ ജലനിധി പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു

Posted on: December 8, 2013 6:56 am | Last updated: December 8, 2013 at 6:56 am

കാളികാവ്: ചോക്കാട് പഞ്ചായത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം ജലനിധി പദ്ധതിയെ ബാധിക്കുന്നു. മധുമലകുടിവെള്ള പദ്ധതി ഉപയോഗിച്ച് ചോക്കാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്ന പദ്ധതിയുടെ പേരിലാണ് വിവാദങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.
മുന്‍ പ്രസിഡന്റിന്റെ കാലത്ത് ഫണ്ട് ലഭ്യമാക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു എന്നാണ് ആരോപണം. 96 ലക്ഷം രൂപ പഞ്ചായത്ത് വിഹിതമായി നല്‍കേണ്ട സ്ഥാനത്ത് രണ്ട് വാര്‍ഷിക പദ്ധതികളിലായി 20 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. സ്ഥലം എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപയും ജലനിധിക്ക് വേണ്ടി ലഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ 8 മെമ്പര്‍മാര്‍ സ്ഥലം എം എല്‍ എയും മന്ത്രിയുമായ എ പി അനില്‍കുമാറിനെ കണ്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് 35 ലക്ഷം കിട്ടിയതെന്നും പഞ്ചായത്തിന്റെ വികസനം ക്ഷേമകാര്യങ്ങള്‍ ഉള്‍പ്പടെ എല്ലാ നല്ല കാര്യങ്ങള്‍ക്കും രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സഹകരണത്തോടെ മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ പഞ്ചായത്ത് പ്രസിഡന്റിന് താല്‍പര്യമില്ലെന്നും, വീടുകള്‍ കൊടുക്കുന്നതിനോടാണ് അദ്ദേഹത്തിന് താല്‍പര്യമെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അംഗീകാരം കിട്ടും എന്നത് കൊണ്ടാണ് ഇതെന്നും മുസ്ലിം ലീഗ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ അബ്ദുല്‍ഹമീദ് പറഞ്ഞു.
പഞ്ചായത്തിന്റെ പല പ്രവര്‍ത്തനങ്ങളും ബോര്‍ഡിന്റെ തീരുമാനമില്ലാതെയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.