Connect with us

Malappuram

സ്വകാര്യ ബസുകള്‍ക്ക് സ്റ്റോപ്പില്‍ നിര്‍ത്താന്‍ മടി: പെരിന്തല്‍മണ്ണയില്‍ യാത്രക്കാര്‍ ദുരിതത്തില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: സ്വകാര്യ ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
പെരിന്തല്‍മണ്ണ നഗരസഭ കാര്യാലയത്തിനു മുന്നിലുള്ള ബസ് സ്റ്റോപ്പിലാണ് ബസ് ജീവനക്കാരുടെ ദുഷ്‌ചെയ്തി കാരണം യാത്രക്കാര്‍ വലയുന്നത്. മലപ്പുറം, വളാഞ്ചേരി, കോട്ടക്കല്‍, മഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ ആദ്യം വരുന്ന ബസ് യാത്രക്കാരെ കയറ്റി ഉടന്‍ യാത്ര തുടരാതെ നിര്‍ത്തിയിടുന്നതാണ് ഇവിടത്തെ ദുരവസ്ഥക്ക് കാരണം. മുന്നില്‍ വരുന്ന ബസുകള്‍ നിര്‍ത്തിയിടുന്നതിനാല്‍ പിന്നാലെ വരുന്ന ബസുകള്‍ മമ്പിലുള്ള ബസിനെ മറികടന്നു പോകുമ്പോള്‍ യാത്രക്കാര്‍ക്ക് ബസില്‍ കയറാന്‍ സാധിക്കുന്നില്ല.
സ്റ്റോപ്പില്‍ നില്‍ക്കുന്നവര്‍ക്ക് മീറ്ററുകളോളം ഓടേണ്ട ഗതിയാണിപ്പോള്‍. പോലീസ് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഇതിനു കാരണം. പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ ടി ഒ, സി ഐ, എസ് ഐ, ഡി വൈ എസ് പി തുടങ്ങിയവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പലതവണ അവതരിപ്പിച്ചതാണ്.
അപ്പോഴൊക്കെ സ്റ്റോപ്പില്‍ ഹോം ഗാര്‍ഡിനെ നിര്‍ത്താറാണ് പതിവ്. എന്നിട്ടും ഈ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പെരിന്തല്‍മണ്ണ ട്രാഫിക് ജംഗ്ഷന്‍ കഴിഞ്ഞാല്‍ തോന്നിയ സ്ഥലത്താണ് ബസുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.
ബസുകളുടെ നീണ്ട വരി കാരണം കാല്‍നട യാത്രക്കാര്‍ക്ക് ഫുഡ്പാത്തിലൂടെ സഞ്ചരിക്കാനും നിസ്‌കാരത്തിനായി പള്ളിയിലേക്ക് വരുന്നവര്‍ക്കും മറ്റു കടകളിലേക്ക് വരുന്നവര്‍ക്കും വളരെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. അങ്ങാടിപ്പുറം ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകളിലും ഇതേ യാത്രാപ്രശ്‌നം രൂക്ഷമായിരുന്നു.
പരാതി വ്യാപകമായ സാഹചര്യത്തില്‍ പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ ടി ഒ പ്രേമാനന്ദന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അങ്ങാടിപ്പുറത്തെ ബസ് സ്റ്റോപ്പുകളില്‍ സ്വകാര്യ ബസുകള്‍ നിയമം പാലിക്കുന്നുണ്ട്.
സ്ത്രീകളെയും പ്രായമായവരെയും വിദ്യാര്‍ഥികളെയും ദിനംപ്രതി ഓടിക്കുന്ന സ്വകാര്യ ബസുകളുടെ അനധികൃതമായ രീതിക്കെതിരെ അധികൃതര്‍ വേണ്ട വിധത്തില്‍ നടപടിയെടുക്കണമെന്ന് യാത്രക്കാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest