കൃഷ്ണഗിരി സ്റ്റേഡിയം ഉദ്ഘാടനം പതിനേഴിന്‌

Posted on: December 8, 2013 6:54 am | Last updated: December 8, 2013 at 6:54 am

കല്‍പറ്റ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ വയനാട്ടില്‍ നിര്‍മിച്ച അന്താരാഷ്ട്രനിലവാരമുള്ള ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം പതിനേഴിന് നടക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പതിനേഴിന് വൈകുന്നേരം 4.30ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിക്കും. നേരത്തെ പത്തിന് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനമെങ്കിലും ഗവര്‍ണര്‍ നിഖില്‍ കുമാറിന്റെ സൗകര്യാര്‍ത്ഥമാണ് പതിനേഴിലേക്ക് മാറ്റിയത്.
പതിനേഴിന് നടക്കുന്ന ചടങ്ങില്‍ പ്രമുഖ ക്രിക്കറ്റര്‍മാരും സിനിമാ താരങ്ങളും പങ്കെടുക്കും. കായികമേഖലയില്‍ പ്രശസ്തിയാര്‍ജിച്ചവരെ ചടങ്ങില്‍ അനുമോദിക്കും. തുടര്‍ന്ന് സിനിമാതാരങ്ങളുടെ കലാപരിപാടികളും സംഘടിപ്പിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി പത്തിന് രാവിലെ പത്തിന് ജില്ലയില്‍ മോട്ടോര്‍ സൈക്കിള്‍ റോഡ് ഷോ നടത്തും. ജില്ലയിലെ ക്രിക്കറ്റ് ക്ലബുകളുടെ നേതൃത്വത്തില്‍ മാനന്തവാടി, ബത്തേരി, വൈത്തിരി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ജില്ലയിലുടനീളം പ്രയാണം നടത്തും. വൈകുന്നേരം കല്പറ്റ ബൈപാസില്‍ സംഗമിക്കുന്ന റോഡ് ഷോയെ മീനങ്ങാടി പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സമാപിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന റോഡ് ഷോയില്‍ 500 മോട്ടോര്‍ സൈക്കിളുകള്‍ അണിനിരക്കും. പൂരക്കളി, ചെണ്ടമേളം, ശിങ്കാരിമേളം, ഗാനമേള എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. ഇന്‍ഷ്വറന്‍സ്, ആര്‍സി, ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കുന്നവരെ മാത്രമേ റോഡ് ഷോയില്‍ പങ്കെടുപ്പിക്കൂ. ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നും സംഘാടകര്‍ പറഞ്ഞു.
കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ബിസിസിഐ അംഗീകാരത്തോടെ നടക്കുന്ന ആദ്യമത്സരം ഈ മാസം 28 മുതല്‍ നടക്കും. കുച്ച്ബിഹാര്‍ ട്രോഫിയില്‍ മുംബൈയും കേരളവും തമ്മിലുള്ള ചതുര്‍ദിന മത്സരമാണ് നടക്കുക. നേരത്ത വിദര്‍ഭയും കേരളവും സൗഹൃദമത്സരം നടത്തിയിരുന്നു.
11 ഏക്കര്‍ സ്ഥലം വാങ്ങാനും സ്റ്റേഡിയം നിര്‍മിക്കാനുമായി ആറര കോടി രൂപയാണ് ചെലവഴിച്ചത്. ഭാവിയില്‍ ഇന്ത്യ എ ടീമുകള്‍ ഉള്‍്‌പ്പെടെയുള്ളവയുടെ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കെസിഎ ട്രഷറര്‍ അഡ്വ. ടി.ആര്‍ ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി നാസര്‍ മച്ചാന്‍, ജില്ലാ പ്രസിഡന്റ് ജാഫര്‍ സേട്ട്, വൈസ് പ്രസിഡന്റ് സലിം കടവന്‍, ബോബി സെബാസ്റ്റിയന്‍, കെ.കെ. സുനില്‍കുമാര്‍, ഇബ്രാഹിം കുട്ടി, എ.എം. നൂര്‍ഷ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.