Connect with us

Ongoing News

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളം കിരീടം നിലനിര്‍ത്തി

Published

|

Last Updated

ബംഗളുരു: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ റെക്കോര്‍ഡ് പോയിന്റെടുത്ത് കേരളം കിരീടം നിലനിര്‍ത്തി. 31 സ്വര്‍ണവും 24 വെള്ളിയും 27 വെങ്കലും ഉള്‍പ്പടെ 588 പോയിന്റാണ് കേരളത്തിന്. 361 പോയിന്റോടെ തമിഴ്‌നാടും 288 പോയിന്റോടെ ഹരിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
പി യു ചിത്രയുടെ ഇരട്ട സ്വര്‍ണമടക്കം അവസാന ദിവസവും മെഡല്‍വേട്ടയില്‍ കേരളം ശക്തി സാന്നിധ്യമായി നിലകൊണ്ടു. പതിനാറു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ ജിസ്‌ന മാത്യുവും പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഷഹര്‍ബാന സിദ്ധിഖും സ്വര്‍ണം നേടി. 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 800 മീറ്ററിലും സ്വര്‍ണം നേടിയതോടെയാണ് ചിത്രക്ക് ഇരട്ടസ്വര്‍ണം സ്വന്തമായത്. നേരത്തെ 1500 മീറ്ററിലായിരുന്നു ചിത്രയുടെ സ്വര്‍ണത്തിളക്കം. അണ്ടര്‍16 ആണ്‍കുട്ടികളുടെ മെഡ്‌ലെ റിലേയില്‍ കേരളം മെഡല്‍പ്പട്ടികയിലെത്തിയില്ല. അതേ സമയം ഈയിനത്തില്‍ പെണ്‍കുട്ടികള്‍ വെങ്കലം നേടി. കഴിഞ്ഞവര്‍ഷം സ്വര്‍ണമായിരുന്നു എന്ന വ്യത്യാസം മാത്രം. അണ്ടര്‍18 ആണ്‍കുട്ടികളുടെ മെഡ്‌ലെ റിലേ ടീമിനും വെങ്കലം കിട്ടി. പിന്നാലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സൗമ്യ വര്‍ഗീസും എം. നിത്യാമോളും നീതു സാബുവും ഷഹര്‍ബാന സിദ്ദിഖും അടങ്ങുന്ന ടീം കേരളത്തിന് വെള്ളിത്തിളക്കമേകി.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്പ്രിന്റ് റിലേയില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് കേരളം സ്വര്‍ണമണിഞ്ഞത്. അനസ് ബാബുവും അജിത് ഇട്ടിവര്‍ഗീസും നസീമുദ്ദീനും നല്‍കിയ ലീഡ് സ്പ്രിന്റിലെ വെള്ളിക്കാരനായ ആര്‍. റോബിന്‍ നിലനിര്‍ത്തി (41.97 സെക്കന്‍ഡ്). ഹരിയാനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. തമിഴ് സംഘത്തെ അപ്രസക്തരാക്കിയാണ് കെ. മഞ്ജുവും ടി.എസ്. ആര്യയും കെ. രംഗയും രംഗിതയുമടങ്ങുന്ന കേരളടീം സ്വര്‍ണത്തില്‍ മുത്തമിട്ടത്(47.73 സെ).
അണ്ടര്‍18 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ ആദ്യശ്രമത്തില്‍ തന്നെ 12.86 മീറ്റര്‍ ചാടിയാണ് തലശ്ശേരി സായിയിലെ ആതിര സുരേന്ദ്രന്‍ ദേശീയ റെക്കോര്‍ഡിലെത്തിയത്. തമിഴ്‌നാടിന്റെ ഗായത്രി അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച 12.78 മീറ്ററിന്റെ റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്. തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ആതിര. നാല് സെന്റിമീറ്റര്‍കൂടി ചാടിയിരുന്നെങ്കില്‍ ആതിരയ്ക്ക് ജൂനിയര്‍ ലോക മീറ്റിന് യോഗ്യത നേടാമായിരുന്നു. തലശ്ശേരി മാലൂര്‍ ആതിര നിവാസില്‍ വി. സുരേന്ദ്രന്റെയും നിഷയുടെയും മകളാണ്. ഈയിനത്തില്‍ കേരളത്തിന്റെ ജെനിമോള്‍ ജോയി വെങ്കലം നേടി. തിരുവന്തപുരം സായിയുടെ താരമാണ് ജെനിമോള്‍.
ബാംഗ്ലൂര്‍ മീറ്റില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന നേട്ടം 400 മീറ്റര്‍ ഹര്‍ഡില്‍സ് (അണ്ടര്‍20) ജേതാവായതോടെ പറളി സ്‌കൂളിലെ വിവി ജിഷയെ തേടിയെത്തി. കഴിഞ്ഞദിവസം 400 മീറ്റര്‍ ഓട്ടത്തിലും പറളി സ്‌കൂളിലെ താരം സ്വര്‍ണം നേടിയിരുന്നു.
വ്യാഴാഴ്ചത്തെ ഓട്ടത്തിന് സമാനമായി അവസാന 50 മീറ്ററിലെ കുതിപ്പാണ് ഇക്കുറിയും ജിഷയെ മുന്നിലെത്തിച്ചത് (ഒരുമിനിറ്റ് 03.56 സെ.). തിരുവനന്തപുരം സായിയിലെ പി. മെര്‍ലിന്‍ രണ്ടാമതെത്തി.

 

Latest