Connect with us

Kottayam

ഗൃഹനാഥനെ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

Published

|

Last Updated

കോട്ടയം: ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. ഏറ്റുമാനൂര്‍ കിഴക്കുഭാഗം മാക്കാട്ടില്‍ നാരായണനെ(62) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വെട്ടിമുകള്‍ വടക്കേമല ഷിജോ (32), സഹോദരന്‍ ഷിജി (35), സുഹൃത്തും അയല്‍വാസിയുമായ കുരിക്കുന്നേല്‍ പ്രകാശന്‍ (47) എന്നിവരെയാണ് ജീവപര്യന്തം തടവിനും 25,000 രൂപ വീതം പിഴക്കും ശിക്ഷിച്ച് രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ് ഷാജഹാന്‍ ഉത്തരവിട്ടത്.
പിഴ സംഖ്യയില്‍ 50,000 രൂപ നാരായണന്റെ ഭാര്യക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. ഒന്നാം പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷയില്‍ നിന്നുമൊഴിവാക്കുന്നതായും കോടതി പറഞ്ഞു.
ഷിജോയുടെയും ഷിജിയുടെയും പിതാവ് ജോസഫി (72)നെ അന്വേഷണസംഘം പ്രതി ചേര്‍ത്തിരുന്നെങ്കിലും വിചാരണകാലയളവില്‍ മരിച്ചിരുന്നു.
പ്രതിയായ ഷിജോക്ക് കൊല്ലപ്പെട്ട നാരായണന്റെ മകളിലുണ്ടായ കുട്ടിക്ക് ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ കുടുംബകോടതിയില്‍ കേസുണ്ടായിരുന്നു. ഈ കേസില്‍ നാരായണന് അനുകൂലമായി വിധിയുണ്ടായി.
ഇതില്‍ പ്രകോപിതരായ പ്രതികള്‍ 2009 ഫെബ്രുവരി ആറിന് നാരായണന്റെ വീട്ടിലെത്തി തലക്ക് അടിച്ചു കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോര്‍ജ്കുട്ടി ചിറയില്‍ ഹാജരായി.