ശിക്ഷ കഴിഞ്ഞിട്ടും പുറത്തിറങ്ങാനാകാതെ യുവാവ് സഊദി ജയിലില്‍

Posted on: December 8, 2013 12:42 am | Last updated: December 8, 2013 at 12:42 am

മലപ്പുറം: ശിക്ഷ കഴിഞ്ഞിട്ടും സഊദി ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകാതെ യുവാവ്. സഊദി ജയിലില്‍ വാഹനാപകട കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന പറപ്പൂര്‍ ചെറ്റാലി ഹനീഫ (45)യാണ് കഴിഞ്ഞ നാല് വര്‍ഷമായി ദുരിതത്തില്‍ കഴിയുന്നത്. കുടുംബനാഥന്‍ ജയിലിലായതോടെ കുടുംബം പട്ടിണിയിലാകുകയും ചെയ്തു. ഇയാളുടെ മോചനത്തിനായി ഭാര്യ ആസ്യയും മക്കളും മുട്ടാത്ത വാതിലുകളില്ല.
നാല് വര്‍ഷം മുമ്പ് ഹനീഫ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹനീഫയെ മക്ക ജയിലില്‍ അടച്ചു.
ഹനീഫയെ പുറത്തിറക്കാനായി നാട്ടുകാര്‍ ചേര്‍ന്ന് സ്വരൂപിച്ചതും സ്വന്തം സ്ഥലം വിറ്റതും കൂട്ടിച്ചേര്‍ത്ത് ഒന്നര ലക്ഷം രൂപ സഊദിയിലെ അറബിക്ക് നല്‍കിയിരുന്നു. പക്ഷേ തുക ഇയാള്‍ സര്‍ക്കാറില്‍ കെട്ടിവെച്ചില്ല. ശിക്ഷ കഴിഞ്ഞെങ്കിലും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാലാണ് നാട്ടില്‍ വരാന്‍ കഴിയാത്തതെന്ന് ഭാര്യ ആസ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവാഹപ്രായമായ രണ്ട് പെണ്‍മക്കളടക്കം നാല് മക്കളടങ്ങുന്നതാണ് ഹനീഫയുടെ കുടുംബം. 10-ാം ക്ലാസില്‍ പഠനം നിര്‍ത്തിയ മകനാണിപ്പോള്‍ കുടുംബം നോക്കുന്നത്. കേന്ദ്രമന്ത്രി ഇ അഹമ്മദ്, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നാട്ടുകാരുടെ കാരുണ്യത്തിലാണ് കുടുംബം ഇപ്പോള്‍ കഴിയുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജനകീയ സമിതി കണ്‍വീനര്‍ ടി ടി മൊയ്തീന്‍കുട്ടി, ഹനീഫയുടെ മക്കളായ ബസറിയ, അസ്്‌ലം എന്നിവരും പങ്കെടുത്തു.