ജയില്‍ ക്യാമറ നീക്കാന്‍ ഉത്തരവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: December 8, 2013 5:31 am | Last updated: December 8, 2013 at 12:33 am

തിരുവനന്തപുരം: ജയിലിലെ ക്യാമറകള്‍ നീക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അംഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് കോഴിക്കോട് ജില്ലാ ജയിലിലെ ക്യാമറകള്‍ നീക്കിയതെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്ക് ആധാരമായ കമ്മീഷന്‍ ഉത്തരവ് രണ്ടാഴ്ചക്കുള്ളില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.
കോഴിക്കോട് ജയിലിലെ 91 നിരീക്ഷണ ക്യാമറകളില്‍ 37 എണ്ണം അഴിച്ചുമാറ്റിയത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശാനുസരണമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജയില്‍ ഡി ജി പിക്കും നോട്ടീസയച്ചു. ആഭ്യന്തര മന്ത്രിയുടെ അറിവിലേക്കായി പ്രൈവറ്റ് സെക്രട്ടറിക്കും നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂര്‍ ജയിലുകളില്‍ നിന്ന് ക്യാമറകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പരാതിയും കമ്മീഷന് ലഭിച്ചിട്ടില്ല. കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ താനോ, കമ്മീഷന്‍ അംഗങ്ങളായ ആര്‍ നടരാജനോ, കെ ഇ ഗംഗാധരനോ ക്യാമറകള്‍ നീക്കാന്‍ ഉത്തരവ് പാസാക്കിയിട്ടില്ല. കമ്മീഷന്‍ പാസാക്കാത്ത ഉത്തരവിനെ കുറിച്ച് പറയുന്നത് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ആഭ്യന്തര മന്ത്രിയും ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബും സമാന പ്രസ്താവന നടത്തിയിരുന്നു.
കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്റെ സാന്നിധ്യത്തിലാണ് ജയിലിലെ ക്യാമറകള്‍ നീക്കിയതെന്ന, ആഭ്യന്തര മന്ത്രിയെ ഉദ്ധരിച്ച് വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ തന്നോട് പറഞ്ഞതായി ജസ്റ്റിസ് കെ ബി കോശി ഉത്തരവില്‍ പറയുന്നു. കമ്മീഷന്റെ രേഖകളിലും ഇത്തരമൊരു ഉത്തരവ് ഇല്ല. ഈ പശ്ചാത്തലത്തില്‍ കേസിന്റെ നമ്പറോ ഉത്തരവോ ഉടന്‍ നല്‍കണം. അത്തരമൊരു ഉത്തരവ് ഇല്ലെങ്കില്‍ ജനങ്ങള്‍ക്കുണ്ടായ സംശയം ദുരീകരിക്കാന്‍ പത്ര, ദൃശ്യമാധ്യമങ്ങള്‍ വഴി ഇക്കാര്യം അറിയിക്കണം. ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചതാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെന്നും ഉത്തരവില്‍ പറയുന്നു.