തേക്കടിയില്‍ കഥകളി കേന്ദ്രം കത്തിനശിച്ചു

Posted on: December 8, 2013 12:29 am | Last updated: December 8, 2013 at 12:29 am

ഇടുക്കി: തേക്കടിയിലെ സ്വകാര്യ വ്യക്തിയുടെ കഥകളി സെന്റര്‍ കത്തിനശിച്ചു. കുമളി ലബ്ബക്കണ്ടം പേഴത്തുംമൂട്ടില്‍ ബിജു പി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് കത്തിനശിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
ലബ്ബക്കണ്ടത്ത് ആനസവാരി കേന്ദ്രത്തോട് ചേര്‍ന്നാണ് വിനോദസഞ്ചാരികള്‍ക്കു വേണ്ടി സ്ഥാപിച്ച തേക്കടി കഥകളി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പൊട്ടിത്തെറി ശബ്ദം കേട്ടുണര്‍ന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരാണ് തീ പടര്‍ന്നത് ആദ്യം അറിഞ്ഞത്. ഇവര്‍ സമീപത്തു തന്നെ താമസിക്കുന്ന ബിജുവിനെ വിവരം അറിയിക്കുകയായിരുന്നു. കെട്ടിടത്തിന് മുകളിലെ ആസ്ബറ്റോസുകള്‍ പൊട്ടിത്തെറിച്ചതിനാല്‍ രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു.
ആറരയോടെ കട്ടപ്പനയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന 140 കസേരകളും മറ്റുപകരണങ്ങളും നശിച്ചു. നാലുവര്‍ഷം മുമ്പാണ് ബിജു കഥകളി സെന്റര്‍ ആരംഭിച്ചത്. കലാകാരന്‍മാരുടെ ഉടയാടകളും മറ്റും സൂക്ഷിക്കുന്ന മുറിയുടെ സമീപത്തു നിന്നാണ് തീ പടര്‍ന്നതെന്നും ഇന്നലെയും പതിവുപോലെ പരിപാടി അവസാനിച്ച ശേഷം മെയിന്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും ഉടമ പറഞ്ഞു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ബിജു പറഞ്ഞു.