എ ടി എം ആക്രമണം: ഒരാള്‍ പിടിയില്‍

Posted on: December 8, 2013 5:17 am | Last updated: December 8, 2013 at 12:18 am

atm attackബംഗളൂരു: എ ടി എം കൗണ്ടറില്‍ മലയാളിയും കോര്‍പറേഷന്‍ ബേങ്ക് മാനേജരുമായ ജ്യോതി ഉദയന് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയില്‍. ആന്ധ്രാപ്രദേശിലെ തുംകൂറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങളടങ്ങിയ സി സി ടി വി വീഡിയോ ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബേങ്ക് ജീവനക്കാര്‍ നേരത്തെ പോലീസിന് കൈമാറിയിരുന്നു. ബംഗളൂരുവില്‍ നടന്ന ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങളിലുള്ള പ്രതിയോട് സാമ്യമുള്ളവയാണ് ബേങ്ക് ജീവനക്കാര്‍ കൈമാറിയത്. അന്ന് ധരിച്ചിരുന്ന അതേ ഷര്‍ട്ട് ധരിച്ചിരുന്ന പ്രതിയുടെ കൈയില്‍ ഉണ്ടായിരുന്ന ബാഗും ജീവനക്കാര്‍ തിരിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ മാസം പത്തൊമ്പതിനാണ് എ ടി എം കൗണ്ടറില്‍ വെച്ച് ജ്യോതി ഉദയ് ആക്രമിക്കപ്പെട്ടത്. എ ടി എം കൗണ്ടറില്‍ കയറിയ ഉടന്‍ അക്രമി ഷട്ടര്‍ അടച്ച ശേഷം പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തലക്കടിച്ച് വീഴ്ത്തിയത്.