ഫലം വരും മുമ്പേ ഛത്തീസ്ഗഢില്‍ ‘എണ്ണത്തുണിയേറ്’

Posted on: December 8, 2013 3:00 am | Last updated: December 8, 2013 at 4:03 am

election emblom ,റായ്പൂര്‍: ഛത്തീസ്ഗഢില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബി ജെ പിക്ക് മന്‍തൂക്കം പ്രവചിച്ചിരിക്കെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ‘എണ്ണത്തുണിയേറ്’ തുടങ്ങി. മുന്‍ മുഖ്യമന്ത്രി അജിത് ജോഗി, അര ഡസന്‍ സീറ്റുകളില്‍ വിമത സ്ഥാനാര്‍ഥികളെ ഇറക്കിയിരുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന നേതാക്കള്‍ അണിയറയില്‍ കുറ്റപ്പെടുത്തല്‍ കളിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പേര് വെളിപ്പെടുത്താതെ വാര്‍ത്താ ഏജന്‍സിക്ക് മുമ്പാകെ ആരോപണം ഉന്നയിച്ചവര്‍ ഫലം എതിരാണെങ്കില്‍ പരസ്യമായി രംഗത്തു വരാനുള്ള പുറപ്പാടിലാണ്. ജോഗി രഹസ്യമായി രംഗത്തിറക്കിയ സ്ഥാനാര്‍ഥികള്‍ വന്‍തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ പിടിച്ചിരിക്കാമെന്നും ഈ ചതി പയറ്റിയ മണ്ഡലങ്ങള്‍ അക്കമിട്ട് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുമെന്നുമാണ് നേതാക്കളുടെ ഭീഷണി.
എന്നാല്‍ ഉരുണ്ടുകൂടിയ വിവാദത്തെ കുറിച്ച് പ്രതികരിക്കാന്‍ അജിത് ജോഗി തയ്യാറായില്ല. ഇത്തവണ വിഭാഗീയത ഒരു പ്രശ്‌നമായിരുന്നില്ലെന്നും കോണ്‍ഗ്രസ് നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും പി സി സി അധ്യക്ഷന്‍ ചരണ്‍ ദാസ് മഹന്ത് അവകാശപ്പെട്ടു.
പ്രതിപക്ഷ നേതാവ് രവീന്ദ്ര ചൗബേ, മുന്‍ മന്ത്രിമാരായ സത്യനാരായണ്‍ ശര്‍മ, ധാനേന്ദ്ര സാഹു, പാര്‍ട്ടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഭൂപേഷ് ബഗല്‍, പട്ടികജാതി(സാത്‌നാമി) നേതാവ് രുദ്രു ഗുരു എന്നിവര്‍ക്കെതിരെ ജോഗി തന്റെ അനുയായികളെ തിരിച്ചുവിടുന്നുവെന്നാണ് സംസ്ഥാന നേതാക്കളില്‍ നല്ലൊരു ശതമാനം പേരും ആരോപിക്കുന്നത്. കേവല ഭൂരിപക്ഷത്തിനടുത്ത് വെച്ച് പാര്‍ട്ടി പരാജയപ്പെടണമെന്നാണ് ജോഗി ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു. അങ്ങനെ വന്നാല്‍ ചെറു പാര്‍ട്ടികളെയും സ്വതന്ത്രരെയും ആകര്‍ഷിച്ച് മുഖ്യമന്ത്രിപദത്തിലെത്താമെന്നാണത്രേ അജിത് ജോഗി കരുതുന്നത്.