Connect with us

Palakkad

ജീവിത ശൈലീരോഗങ്ങള്‍ മൃഗങ്ങളിലേക്കും വ്യാപിച്ചതായി സെമിനാര്‍

Published

|

Last Updated

പാലക്കാട്:ആധുനിക കാലത്തില്‍ ജീവിത ശൈലീരോഗങ്ങള്‍ മൃഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നുവെന്നും കൂടുതല്‍ പാലുത്പ്പാദിപ്പിക്കാനായി നല്‍കുന്ന കാലത്തീറ്റയും മറ്റും പ്രതിരോധശക്തി നഷ്ടപ്പെടാന്‍ കാരണമാകുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച കുളമ്പ് രോഗപ്രതിരോധ മാര്‍ഗങ്ങളെ അവലംബിച്ചുള്ള മേഖലാ ബോധവത്കരണ ക്യാമ്പും മുഖാമുഖവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കലക്ടര്‍. നിലവില്‍ നഷ്ട പരിഹാരമായി കുളമ്പുരോഗബാധയാല്‍ മരണപ്പെട്ട കന്നിന് 20,000 രൂപയും രോഗബാധിതരായ കന്നുകാലികള്‍ക്ക് നാലുചാക്ക് കാലിത്തീറ്റയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇത് അപര്യാപ്തമാണെന്നും തീറ്റക്കും പരിചരണത്തിനുമായി രോഗബാധിതര്‍ക്ക് 10,000 രൂപയും കിടാരികള്‍ക്ക് 5000 രൂപയും അനുവദിക്കണമെന്ന് കര്‍ഷകര്‍ കലക്ടറോട് ആവശ്യപ്പെട്ടു.
രോഗബാധിതരായ കന്നുകാലികള്‍ക്ക് നാലുചാക്ക് കാലിത്തീറ്റ നല്‍കുന്നതു കൊണ്ടുമാത്രം നഷ്ടം നികത്താനാകില്ല. മാസം 10000 രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെട്ടു.
സെമിനാറിന് ശേഷം കര്‍ഷകരുടെ മുഖാമുഖത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മൃഗ സംരക്ഷണവകുപ്പുദ്യോഗസ്ഥര്‍ സര്‍ക്കാറിനെ അറിയിക്കുമെന്നും ജില്ലാ ഭരണകൂടം ശിപാര്‍ശ ചെയ്യാമെന്നും ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി. മൃഗസംരക്ഷണ വകുപ്പ് അഡീ ഡയറക്ടര്‍ ജെ മോഹന്‍ അധ്യക്ഷത വഹിച്ചു.
കുളമ്പുദീനത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് മണ്ണുത്തി വെറ്ററിനറി കോളജ് മൈക്രോ ബയോളജി വിഭാഗം അസി പ്രൊഫ. സിജോ ജോസഫും കുളമ്പ് രോഗത്തിന്റെ നിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ച്‌സംസ്ഥാന പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ ജെ ചന്ദ്രമോഹനും ക്ലാസെടുത്തു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ടി ആര്‍ ഗിരിജ ആമുഖ പ്രഭാഷണം നടത്തി. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.

Latest