പിടികിട്ടാപ്പുള്ളിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുത്: സുപ്രീം കോടതി

Posted on: December 7, 2013 12:19 am | Last updated: December 7, 2013 at 12:19 am

supreme courtന്യൂഡല്‍ഹി: പിടികിട്ടാപ്പുള്ളിക്കും അന്വേഷണത്തില്‍ സഹകരിക്കാത്തയാള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സുപ്രീം കോടതി. കള്ളക്കേസില്‍ ഉള്‍പ്പെട്ടയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനേ കോടതികള്‍ക്ക് അധികാരമുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.
പിടികിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിക്കപ്പെട്ട ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് നേരത്തെയുള്ള വിധികള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി പറഞ്ഞു. കേസിന്റെ സ്വഭാവത്തില്‍ അസാധാരണത്വം ഉണ്ടെങ്കിലോ കള്ളക്കേസില്‍ ഉള്‍പ്പെട്ടയാള്‍ക്കോ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടയാള്‍ക്കോ മാത്രമാണ് ക്രിമിനല്‍ ചട്ടത്തിന്റെ 438 ാം വകുപ്പ് അനുസരിച്ച് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുള്ളത്.
ഒരാളെ വിഷം നല്‍കി കൊന്ന കേസില്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതലേ ഒളിവിലായിരുന്ന രണ്ട് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ALSO READ  പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം പരമമല്ല: സുപ്രീം കോടതി