Connect with us

Articles

എളുപ്പവഴികളില്ലാത്ത മനുഷ്യന്‍

Published

|

Last Updated

ദക്ഷിണാഫ്രിക്കയിലെ വര്‍ണ വെറിയന്‍ കൊളോണിയന്‍ ഭരണകൂടത്തിനെതിരായ സുദീര്‍ഘമായ വിമോചനപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആഫ്രിക്കന്‍ ദേശീയതയുടെയും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളുടെ സ്വാതന്ത്ര്യബോധത്തിന്റെയും പ്രതീകമാണ് നെല്‍സണ്‍ മണ്ടേല. അടിമത്തവും അതിന്റെ ഏറ്റവും ക്രൂരമുഖമായ അപ്പാര്‍ത്തീഡും മനുഷ്യവംശത്തിനെതിരായ ഏറ്റവും വലിയ പാതകമാണെന്ന് മണ്ടേല തിരിച്ചറിഞ്ഞതോടെയാണ് കഠിനമായ സമരത്തിന്റെയും നീണ്ട തടവറ ജീവിതത്തിന്റെയും ത്യാഗനിര്‍ഭരമായ വഴി അദ്ദേഹം തിരഞ്ഞെടുത്തത്. വംശീയതയുടെയും വിവേചനങ്ങളുടെയും അടിസ്ഥാനം സാമ്രാജ്യത്വ മൂലധനതാത്പര്യങ്ങളാണെന്ന് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കളുമായുള്ള നിരന്തര സംവാദത്തിലൂടെയാണ് മണ്ടേല സമ്മതിക്കുന്നത്. ആഫ്രിക്കയിലെ വര്‍ണ വിവേചനവും ഫലസ്തീന്‍ ജനതയുടെ ദേശീയ സ്വത്വത്തെ തന്നെ നിഷേധിക്കുന്ന സയണിസവും പശ്ചിമേഷ്യക്കും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും മേലുള്ള സാമ്രാജ്യത്വ അധിനിവേശത്തിനുള്ള പ്രത്യയശാസ്ത്ര രാഷ്ട്രീയപദ്ധതിയാണെന്ന് മണ്ടേല മനസ്സിലാക്കി.
1950കള്‍ക്ക് ശേഷം സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴിയില്ലെന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. 1912 മുതല്‍ ആഫ്രിക്കന്‍ ജനത തങ്ങളുടെ വീടുകളിലും പ്രവിശ്യാ സമ്മേളനങ്ങളിലും ദേശീയ സമ്മേളനങ്ങളിലും തീവണ്ടി മുറികളിലും ബസ്സുകളിലും ഫാക്ടറികളിലും വയലേലകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും തടവറകളിലും തങ്ങളുടെ രാജ്യം ഭരിക്കുന്ന വര്‍ണവെറിയന്‍ ഭരണകൂടത്തിന്റെ അപമാനകരങ്ങളായ ക്രൂരകൃത്യങ്ങളെക്കുറിച്ച് നിരന്തരമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് 1953ല്‍ എഴുതിയ ഒരു ലേഖനത്തില്‍ മണ്ടേല ഓര്‍മപ്പെടുത്തുന്നുണ്ട്. ദശകങ്ങളായി ആഫ്രിക്കന്‍ ജനത നടത്തുന്ന പോരാട്ടങ്ങള്‍ വിജയമാകണമെങ്കില്‍ ഗോത്രാവിഷ്ഠിതമായ എല്ലാ സങ്കുചിത വേര്‍തിരിവുകളെയും അതിജീവിക്കുന്ന ദേശീയമായ രാഷ്ട്രീയ ആശയങ്ങള്‍ അവര്‍ വളര്‍ത്തിക്കൊണ്ടേ കഴിയൂവെന്ന് മണ്ടേല ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു.
1910 മുതല്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ നാല് പ്രവിശ്യകളും ആഫ്രിക്കന്‍ ജനതക്ക് മേലുള്ള വെള്ളക്കാരന്റെ അധീശത്വത്തിന് കീഴടങ്ങിക്കഴിഞ്ഞിരുന്നു. ആഫ്രിക്കക്കാര്‍ക്ക് വോട്ടവകാശമോ സഞ്ചാരസ്വാതന്ത്ര്യമോ പൗരാവകാശങ്ങളോ ഒന്നും നല്‍കിയിരുന്നില്ല. അവര്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടു. ദാരിദ്ര്യം, തുച്ഛമായ കൂലി, കൂലിയില്ലായ്മ, മനുഷ്യത്വരഹിതമായ ചൂഷണം എന്നിവയെല്ലാം വെള്ളഭരണത്തിന്റെ സൃഷ്ടിയായിരുന്നു. വെള്ളക്കാരെ കാണുമ്പോള്‍ ആഫ്രിക്കക്കാര്‍ ബഹുമാനസൂചകമായി തങ്ങളുടെ തൊപ്പി എടുത്തുമാറ്റണമായിരുന്നു. ഇല്ലെങ്കില്‍ അവരെ അഴുക്കുചാലുകളിലേക്ക് തള്ളിവിടുമായിരുന്നു.
ലോകത്തില്‍ വലിപ്പം കൊണ്ട് രണ്ടാമത്തെ ഭൂഖണ്ഡമായ ആഫ്രിക്ക പ്രകൃതിസമ്പത്ത് കൊണ്ട് സമൃദ്ധവും സമ്പന്നവുമായിരുന്നു. ഈ പ്രകൃതിവിഭവങ്ങളും സമ്പത്തും കവര്‍ന്നെടുക്കാനാണ് സാമ്രാജ്യത്വ ശക്തികള്‍ ആഫ്രിക്കയെ അടിമത്വത്തിലാക്കിയത്. അത് രക്തപങ്കില അധിനിവേശത്തിന്റെയും വര്‍ണ വിധേയത്വത്തിന്റെതുമായ ചരിത്രമാണ്. 1904ലാണ് ആഫ്രിക്കയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഗോത്ര സൈനിക കലാപം അടിച്ചമര്‍ത്തപ്പെട്ടത്. അതോടെ ആഫ്രിക്കന്‍ ഗോത്രഘടന ശിഥിലമായി. ആഫ്രിക്കയിലെ സാമ്രാജ്യത്വ അധിനിവേശത്തെ പ്രതിരോധിക്കാനുള്ള ദേശീയമായ ജനസമൂഹങ്ങളുടെ ഏകീകരണവും ഇതോടെ ആരംഭിച്ചു. ലഹാസ, പോണ്‍ഡോ അല്ലെങ്കില്‍ തെംബൂ, സൂലു, ബെച്ചുവാന, ഷാന്‍ഗാന്‍ അല്ലെങ്കില്‍ ബസുംടാ തുടങ്ങിയ വിഭാഗങ്ങള്‍ ഗോത്രസ്വത്വത്തില്‍ നിന്ന് പൊതുവായ ആഫ്രിക്കക്കാര്‍ എന്ന പൊതുവിഭാഗമായി. ആഫ്രിക്കന്‍ ദേശീയതയുടെ വികാസ പരിണാമങ്ങള്‍ പഠിച്ചിട്ടുള്ള പലരും ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈയൊരു ചരിത്രസാഹചര്യത്തിലാണ് ആഫ്രിക്കന്‍ ദേശീയബോധത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഗ്രൂപ്പുകളും രൂപപ്പെടുന്നത്. 1912 ല്‍ സൗത്ത് ആഫ്രിക്കന്‍ നേറ്റീവ് നാഷനല്‍ കോണ്‍ഗ്രസ് സ്ഥാപിതമായി. ശിഥിലവും അനിശ്ചിതവുമായ ആഫ്രിക്കന്‍ രാഷ്ട്രീയത്തിലേക്കുള്ള ദേശീയമായ ഉണര്‍വിനെയും രൂപപരിണാമങ്ങളെയുമാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവിര്‍ഭാവം പ്രതിഫലിപ്പിച്ചത്. ഇത് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എ എന്‍ സി) എന്ന പാര്‍ട്ടിയുടെ പൂര്‍വരൂപമായിരുന്നു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ രൂപവത്കരണത്തിന് സമാനമായ സംഭവമായിട്ടാണ് ഇതിനെ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.
തങ്ങളുടെ അവശതകള്‍ പരിഹരിക്കുന്നതിനുള്ള ഭരണഘടനാനുസൃതമായ മാര്‍ഗങ്ങളായിരുന്നു ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. പാര്‍ലിമെന്റ്, വിദ്യാഭ്യാസം, വ്യവസായം, ഭരണം തുടങ്ങി രംഗങ്ങളിലെ വര്‍ണവിവേചനം അവസാനിപ്പിക്കണമെന്ന് എ എന്‍ സി വാദിച്ചു. ആഫ്രിക്കന്‍ വക്കീലന്മാരുടെയും ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും മുന്‍കൈയില്‍ രൂപംകൊണ്ട എ എന്‍ സിയില്‍ ഗോത്രത്തലവന്മാരും കര്‍ഷക നേതാക്കളും പുരോഹിതന്മാരും പ്രവര്‍ത്തിച്ചിരുന്നു. “സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴിയില്ല” എന്ന ലേഖനത്തില്‍ (ഇതൊരു പ്രഭാഷണമാണ്, 1953 ല്‍ നടത്തിയത്) മണ്ടേല ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ വാദപരവും അനുരഞ്ജനവാദപരവുമായ നയങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. ഗെറ്റോവത്കരണത്തിനും പാസ് സമ്പ്രദായത്തിനുമെതിരെ വലിയ പ്രതിഷേധങ്ങള്‍ 1919ല്‍ ഉയര്‍ന്നുവന്നു. ഓറഞ്ച് ഫ്രീ സ്റ്റോറിലെ സ്ത്രീകളും ജോഹന്നാസ്ബര്‍ഗിലെ ശൂചീകരണത്തൊഴിലാളികളും പ്രക്ഷോഭരംഗത്തിറങ്ങി. ആഫ്രിക്കയിലെ മൂന്ന് ലക്ഷത്തിലേറെ വരുന്ന സ്വര്‍ണ ഖനന മേഖലയിലെ തൊഴിലാളികള്‍ സംഘടിതരായിത്തുടങ്ങി. 40,000 ലേറെ ഖനി തൊഴിലാളികള്‍ കൂലി വര്‍ധന ആവശ്യപ്പെട്ട് പണിമുടക്കി. ഇതോടെ എ എന്‍ സി പഴയ മിതവാദ നിലപാടുകളില്‍ നിന്ന് തീവ്രമായ സമരങ്ങളിലേക്ക് കടന്നു. നാല്‍പ്പതുകളുടെ അവസാനത്തോടെ യൂത്ത് വിംഗ് നേതൃത്വത്തില്‍ നിന്നും മണ്ടേലയുള്‍പ്പെടെയുള്ളവര്‍ എ എന്‍ സിയുടെ കേന്ദ്ര നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നു. 1952 ല്‍ നടന്ന സമരപ്രചാരണത്തിന്റെ പേരില്‍ 8,500 വളണ്ടിയര്‍മാര്‍ തടവിലാക്കപ്പെട്ടു. മണ്ടേലയായിരുന്നു വളണ്ടിയര്‍ ഇന്‍ ചീഫ്. മണ്ടേലക്ക് ജോഹന്നാസ്ബര്‍ഗില്‍ നിന്ന് പുറത്തുപോകുന്നതിന് ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. 1953 ലെ എ എന്‍ സി വാര്‍ഷിക സമ്മേളനത്തില്‍ മണ്ടേലക്ക് നിരോധം മൂലം ട്രാന്‍സ്പാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹമായിരുന്നു അധ്യക്ഷന്‍. മണ്ടേലയുടെ അഭാവത്തില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം അവിടെ വായിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള കഠിനമായ വഴി തിരഞ്ഞെടുക്കാനുള്ള ആഹ്വാനമായിരുന്നു ആ പ്രസംഗം. സമാധാനത്തിന്റെയും അഹിംസയുടെയും മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ തീരുമാനിച്ചതായി മണ്ടേല വ്യക്തമാക്കി. ഭൂരിപക്ഷം വരുന്ന ജനതക്ക് മേല്‍ ബലപ്രയോഗവും ആക്രമണങ്ങളും അഴിച്ചുവിട്ട് അധികാരം സംരക്ഷിച്ചു നിര്‍ത്തുന്ന വര്‍ണവെറിയന്‍ ഭരണകൂടം ഒരു ന്യൂനപക്ഷ ഭരണകൂടമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അധികാരവര്‍ഗത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട പോരാട്ടങ്ങള്‍ ഫലം ചെയ്യില്ല. വിശാലമായ ദേശീയ ഐക്യം എല്ലാവിധ ഗോത്രഭിന്നതകളെയും മറികടന്ന് നേടിയെടുത്തുകൊണ്ടേ സ്വാതന്ത്ര്യം സ്വായത്തമാക്കാന്‍ കഴിയൂവെന്ന കാര്യം അദ്ദേഹം അടിവരയിട്ടു വിശദീകരിച്ചു.
ദക്ഷിണാഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇതിനായി തയ്യാറാക്കിയ സ്വാതന്ത്ര്യ പ്രഖ്യാപന രേഖയില്‍ പറയുന്നത്, “കറുത്തവനും വെളുത്തവനും അടക്കം ഇവിടെ ജീവിക്കുന്ന എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ദക്ഷിണാഫ്രിക്ക. ജനങ്ങളുടെ ഇച്ഛയില്‍ അധിഷ്ഠിതമല്ലാത്ത യാതൊരു സര്‍ക്കാറിനും ദക്ഷിണാഫ്രിക്കയുടെ മേല്‍ അവകാശമില്ല….””രണോത്സുകമായ പോരാട്ടങ്ങളിലൂടെ വര്‍ണവെറിയന്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ആഫ്രിക്കന്‍ ദേശീയതയുടെ “കുന്തമുന” (എ എന്‍ സിയുടെ സായുധ വിഭാഗം) അദ്ദേഹം കൂര്‍പ്പിച്ചെടുത്തു. കള്ളക്കേസുകള്‍ ചുമത്തി അന്യായമായ വിചാരണ നടപടികള്‍ക്ക് ശേഷം മണ്ടേലയെ വര്‍ണ വെറിയന്‍ ഭരണകൂടം തടവിലിട്ടു. നീണ്ട മൂന്ന് ദശകങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി മണ്ടേല തടവറയില്‍ കഴിഞ്ഞു. സ്വന്തം ജീവിതത്തേക്കാള്‍ വലുത് ഒരു ജനതയുടെ സ്വാതന്ത്ര്യവും മോചനവുമാണെന്ന് മണ്ടേല ലോകത്തെ പഠിപ്പിച്ചു. നിര്‍ഭയമായ പോരാട്ടവും ത്യാഗസന്നദ്ധതയുമാണ് ചരിത്രത്തെ സ്വാതന്ത്ര്യത്തിന്റെ ഗതിയിലേക്ക് നയിക്കുന്നതെന്ന് മണ്ടേല ജീവിതം കൊണ്ട് നമ്മെ ഉണര്‍ത്തിച്ചു. ജനങ്ങളെ ഉണര്‍ത്തുകയും സമരരംഗത്തിറക്കുകയും ഭരണകൂടത്തിന് തുടര്‍ച്ചയായി പ്രഹരമേല്‍പ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് മണ്ടേലയും ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് നടപ്പാക്കിയത്. തടവറയില്‍ നിന്നും ഒരു ധാര്‍മിക ശക്തിയായി ഈ പോരാട്ടങ്ങള്‍ക്ക് മണ്ടേല കരുത്ത് പകര്‍ന്നു. പോരാട്ടത്തിനുള്ള ആശയങ്ങളും ധാര്‍മികാവേശവുമായി തന്റെ ജീവിതത്തെ മണ്ടേല ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.

 

Latest