Connect with us

Palakkad

തടവുകാരുടെ ഫേസ് ബുക്ക് വിവാദത്തിനു പിന്നില്‍ നിഗൂഢത: പിണറായി വിജയന്‍

Published

|

Last Updated

വടക്കഞ്ചേരി: ജയിലില്‍ തടവുകാര്‍ ഫേസ് ബുക്ക് നോക്കിയ വിവാദം നിഗൂഢതകളിലേക്കാണ് വഴി ചൂണ്ടുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പുതുക്കോട് ലോക്കല്‍ കമ്മിറ്റി എ കെ ജി മന്ദിരം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വധകേസിന്റെ അവസാനഘട്ടമായതിനാല്‍ പ്രതികള്‍തന്നെയാണോ, അതോ മറ്റാരെങ്കിലും ഉപയോഗിച്ചതാണോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണെന്ന് ജയില്‍ ഡി ജി പി തന്നെ പറയുമ്പോള്‍ ആവിഷയത്തില്‍ വലിയ ഗൂഢോലോചന നടന്നതായി ചിന്തിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ ഗൂഢോലോചനയുടെ ഭാഗമായാമാണ് ഇത് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് സര്‍ക്കാറിന് ഭരണത്തില്‍ തുടരാനോ, ആഭ്യന്തരമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനോ പറ്റാത്ത അവസ്ഥയാണ് ഡി ജി പിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തിലും കേന്ദ്രത്തിലുള്ള ദുര്‍ഭരണം മൂലം സാധാരണജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉടലെടുത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് എക്കാലത്തും വര്‍ഗീയശക്തികളുമായി സമരസപ്പെട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മോഡി അധികാരത്തില്‍ വന്നാല്‍ അവര്‍ക്കും നേട്ടമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
വര്‍ഗീയശക്തികള്‍ക്കെതിരെ എന്നും ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ സി പി എമ്മിന് മാത്രമേ സാധ്യമാകൂ. യു ഡി എഫ് അധികാരത്തിലേറിയത് മുതല്‍ എല്ലാ മേഖലയിലും വന്‍തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഭരണം മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസിന് ഒപ്പം നിന്നവര്‍ അവരുടെ സമീപനത്തില്‍ വലിയ വിഷമത്തിലാണ്. യു ഡി എഫ് ഇറങ്ങി പോകാന്‍ അതിലെ കക്ഷികള്‍ തന്നെയാണ് ഇന്ന് കൂടുതല്‍ ആഗ്രഹിക്കുന്നത് .പിണറായി പറഞ്ഞു. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ കെ ബാലന്‍ എം എല്‍ എ. സി കെ ചാമുണ്ണി, എ അയ്യപ്പന്‍, എ കെ സെയ്തു മുഹമ്മദ്, കെ എന്‍ സുകുമാരന്‍ പ്രസംഗിച്ചു.