Connect with us

Wayanad

വയനാടന്‍ ജനതക്ക് സാന്ത്വനമേകി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം

Published

|

Last Updated

കല്‍പറ്റ: പ്രതീക്ഷയോടെ കാത്തിരുന്ന ജനതക്ക് സമാശ്വാസമാകുന്ന ഒട്ടനവധി പ്രഖ്യാപനങ്ങളോടെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വയനാട്ടില്‍ സാര്‍ഥകമായി.
കല്‍പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കിയ വേദിയിലേക്ക് രാവിലെ എട്ടരയോടെയെത്തിയ മുഖ്യമന്ത്രിയെ കാണാന്‍ ജനം ഒഴുകിയെത്തുകയായിരുന്നു. കൃത്യമായി തയ്യാറാക്കിയ സമയക്രമമുണ്ടായിട്ടും മുഖ്യമന്ത്രിയെ നേരില്‍ക്കാണാനും പരാതി ബോധിപ്പിക്കാനും പരിഹാരത്തിനുമായാണ് ഏവരും വളരെ നേരത്തെ എത്തിയത്. ആറായിരം പേര്‍ക്കിരിക്കാവുന്ന പന്തല്‍ കാലത്ത് തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. വിപുലമായ ഒരുക്കങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയ്ക്കായി ജില്ലാഭരണകൂടം ഒരുക്കിയത്. അനേ്വഷണ-സഹായ കൗണ്ടറുകള്‍, വൈദ്യസഹായം, കുടിവെള്ളം, ഭക്ഷണം,തുടങ്ങി പരാതിക്കാര്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. എന്‍.സി.സി, സ്റ്റുഡന്റ് പോലീസ്, റെഡ്‌ക്രോസ്,വളണ്ടിയര്‍മാര്‍ എന്നിവര്‍ സേവനത്തിനായി നിറഞ്ഞുനിന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ് അവശരായ രോഗികള്‍ക്ക് സ്‌ട്രെച്ചര്‍, വീല്‍ചെയര്‍ തുടങ്ങിയവയും പ്രതേ്യക ചികിത്സാസംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. വിവിധ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘം, നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ സദാസേവന സന്നദ്ധരായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ നേരത്തെ ടോക്കണ്‍ ലഭിച്ചവര്‍ക്കും പുതിയ അപേക്ഷകര്‍ക്കുമെല്ലാം പ്രത്യേകം പ്രതേ്യകം ഇരിപ്പിടമൊരുക്കിയിരുന്നു. ഒപ്പം ജനപ്രതിനിധികള്‍ക്കും ഉദേ്യാഗസ്ഥര്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും വേദിയുടെ മുന്‍നിരയില്‍ ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരുന്നു. പഴുതടച്ച സുരക്ഷയാണ് വേദിയിലും പരിസരത്തും പോലീസ് ഒരുക്കിയത്. രണ്ടായിരത്തിലധികം പോലീസുകാരും റിസര്‍വ്വ് ബറ്റാലിയന്‍, തണ്ടര്‍ബോള്‍ട്ട് തുടങ്ങിയ പ്രതേ്യക സേനാംഗങ്ങളെയും സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. ഫയര്‍ഫോഴ്‌സിന്റെ പ്രതേ്യക യൂണിറ്റും സജ്ജമായയിരുന്നു. വേദിയും പരിസരവും മുഴുവന്‍ സമയവും സി സി ടിവി നിരീക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന ധനസഹായം തത്സമയം വിതരണം ചെയ്ത് റവന്യൂ വകുപ്പ് മാതൃകയായി. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളുടെ പ്രതേ്യക കൗണ്ടറുകളില്‍ നിന്നും ധനസഹായങ്ങള്‍ക്കുള്ള ചെക്ക് അപ്പപ്പോള്‍ വിതരണം ചെയ്തു. എ പി എല്‍ കാര്‍ഡുകള്‍ ബിപിഎല്‍ കാര്‍ഡുകളാക്കി നല്‍കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രതേ്യക കൗണ്ടറും പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ബിപിഎല്‍ കാര്‍ഡിനായിരുന്നു.1250 പേര്‍ക്ക് ബിപിഎല്‍ കാര്‍ഡ് പുതിയതായി അനുവദിച്ചു.
പങ്കെടുത്തവര്‍ക്കെല്ലാം ജില്ലാഭരണകൂടം ഉച്ചഭക്ഷണവും കുടിവെള്ളവും സൗജന്യമായി നല്‍കി. മില്‍മ പതിനായിരം പാക്കറ്റ് സംഭാരം വിതരണം ചെയ്തു. പോലീസുകാരടക്കമുള്ള ഉദേ്യാഗസ്ഥര്‍ക്ക് കുടുംബശ്രീയാണ് പ്രഭാതഭക്ഷണം ഒരുക്കിയത്. കൂടാതെ മുഴുവന്‍ സമയവും ചായയും പലഹാരവും പ്രതേ്യകമായി വിതരണം ചെയ്തു. മുഖ്യമന്ത്രി പരിഗണിക്കുന്ന അപേക്ഷകളുടെയും മറ്റും വിശദവിവരങ്ങള്‍ കൃത്യമായ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത സിഡിറ്റിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായി. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച നടപടിയുടെ പകര്‍പ്പ് ഉടന്‍തന്നെ പരാതിക്കാര്‍ക്ക് ലഭ്യമായത് പ്രയോജനപ്രദമായി. പുതുതായി സ്വീകരിച്ച പരാതികള്‍ അതത് വകുപ്പുകള്‍ക്ക് താമസമില്ലാതെ കൈമാറുന്നതിനും സിഡിറ്റിന്റെ സേവനം സഹായകരമായി. പതിനായിരത്തിലധികം പേരാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തത്. ശരീരം തളര്‍ന്ന് അവശരായവര്‍, കിടപ്പാടമില്ലാത്തവര്‍, വൃദ്ധര്‍, രോഗികള്‍… ഇവരെക്കെ വിവിധ പ്രശ്‌നങ്ങളുമായി മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. ക്ഷമയോടെ, അനുതാപത്തോടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി ധനസഹായമടക്കമുള്ള സത്വര നടപടികള്‍ ശുപാര്‍ശ ചെയ്തു. ജീവിതത്തില്‍ പുതിയ പ്രതീക്ഷയോടെ നിറഞ്ഞ സന്തോഷത്തോടെ,ആശ്വാസത്തോടെ അവര്‍ വേദി വിട്ടു.

Latest