എസ് എസ് എഫ് ഇന്ന് ജാഗ്രതാ ദിനം ആചരിക്കും

Posted on: December 6, 2013 6:00 am | Last updated: December 6, 2013 at 11:59 pm

ssf flag...കോഴിക്കോട്: വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മ പുതുക്കി സംസ്ഥാന വ്യാപകമായി എസ് എസ് എഫ് ഇന്ന് ജാഗ്രതാ ദിനമായി ആചരിക്കും. രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും പവിത്രമായ ചരിത്രത്തിനുമേറ്റ ഉണങ്ങാത്ത മുറിവാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലൂടെ സംഭവിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈയിടെയായി നടന്ന കലാപങ്ങളും അക്രമങ്ങളും മതേതര ശക്തികളെ അസ്വസ്ഥപ്പെടുത്തുന്നതാണ്. വര്‍ഗീയ ശക്തികളുടെ കിരാതമായ കലാപവാഴ്ചക്കെതിരെ പൊതുബോധമുണര്‍ത്താനാണ് എസ് എസ് എഫ് ജാഗ്രതാ ദിനാചരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി പള്ളികളും ഓഫീസുകളും കേന്ദ്രീകരിച്ച് പ്രാര്‍ഥനാ സദസ്സും വൈയക്തിക സമ്പര്‍ക്കത്തിലൂടെയും ചെറു കൂട്ടായ്മയിലൂടെയും വര്‍ഗീയതക്കും ഫാസിസത്തിനുമെതിരായ പ്രചാരണവും നടത്തും.
സ്റ്റുഡന്റ്‌സ് സെന്ററില്‍ നടന്ന ആലോചനാ യോഗത്തില്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. പി എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, കെ അബ്ദുല്‍ റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, പി വി അഹ്മദ് കബീര്‍, ഹാഷിര്‍ സഖാഫി കായംകുളം സംബന്ധിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.