Connect with us

Gulf

പുകമഞ്ഞ് കനത്തു; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

Published

|

Last Updated

ദുബൈ: യു എ ഇയിലെങ്ങും കനത്ത പുകമഞ്ഞ് തുടരുന്നു. ഇന്നും പുലര്‍ച്ചെ പുകമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
പല സ്ഥലങ്ങളിലും ഇന്നലെ പുലര്‍ച്ചെ ദൂരക്കാഴ്ച തീരെയില്ലായിരുന്നു. ദുബൈ, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ഗതാഗതം ദുഷ്‌കരമായി. റാസല്‍ഖൈമ മുതല്‍ ഗന്‍തൂത്ത് വരെയും പുകമഞ്ഞുണ്ടായിരുന്നു. റാസല്‍ഖൈമയില്‍ എല്ലായിടത്തും ദൂരക്കാഴ്ച 100 മീറ്ററില്‍ കുറവായിരുന്നു. മിന്‍ഹാദില്‍ 50 മീറ്ററില്‍ കുറവായിരുന്നു. കാറ്റില്ലായ്മയും ഉയര്‍ന്ന ഹ്യുമിഡിറ്റിയുമാണ് രാത്രി മുതല്‍ രാവിലെ വരെ പുകമഞ്ഞിന് കാരണമാകുന്നത്. അബുദാബി-ദുബൈ, അബുദാബി-അല്‍ ഐന്‍, അബുദാബി-സില റോഡുകളില്‍ പുകമഞ്ഞ് കനത്തു.
പലരും സ്വന്തം വാഹനം ഒഴിവാക്കി ടാക്‌സിയിലാണ് യാത്ര ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് പുകമഞ്ഞ് ഏറെ പ്രയാസം സൃഷ്ടിച്ചു.
പുകമഞ്ഞ് കാരണം ദുബൈയില്‍ ഒമ്പത് മണിക്കൂറില്‍ 289 അപകടങ്ങള്‍ സംഭവിച്ചതായി പോലീസ് അറിയിച്ചു. കമാന്റ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ 2,200 വിളികള്‍ ലഭിച്ചു. ചില അപകടങ്ങളില്‍ ആളുകള്‍ക്ക് പരുക്കേറ്റു.

Latest