കൊടകരയില്‍ 1411 വീടുകള്‍ അനുവദിച്ചു

Posted on: December 4, 2013 7:38 am | Last updated: December 4, 2013 at 7:38 am

ചാലകകുടി: ഇന്ദിര ആവാസ് യോജന പ്രകാരം വിവിധ വിഭാഗങ്ങളിലായി 1,411 വീടുകള്‍ അനുവദിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്ത് ചരിത്ര നേട്ടത്തിലേക്ക്. ഈ വര്‍ഷം ഇതുവരെ 149 വീടുകള്‍ക്കുള്ള സഹായ ധനമാണ് ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തത്.
ജനറല്‍ വിഭാഗത്തില്‍ 100 വീടുകളും എസ് സി വിഭാഗത്തില്‍ 46 വീടുകളും എസ് ടി വിഭാഗത്തില്‍ മൂന്ന് വീടുകളുമാണ് ഈ വര്‍ഷം നല്‍കിയത്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 700 വീടുകള്‍ക്കും 2012-13 വര്‍ഷത്തില്‍ 562 വീടുകള്‍ക്കുമാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ധനസഹായം നല്‍കിയത്.
ജനറല്‍ വിഭാഗത്തില്‍ 142 ഉം എസ് സി വിഭാഗത്തില്‍ 206 ഉം എസ് ടി വിഭാഗത്തില്‍ എട്ടും വീടുകള്‍ ഉള്‍പ്പെടെ 356 വീടുകള്‍ അനുവദിക്കാനാണ് ഈ വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതുകൂടി പൂര്‍ത്തിയാവുന്നതോടെ മൊത്തം അനുവദിച്ച വീടുകളുടെ എണ്ണം 1600 കവിയും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും ത്രിതല പഞ്ചാത്തുമാണ് ഇന്ദിര ആവാസ് യോജന പദ്ധതിക്കു കീഴില്‍ വീടുകള്‍ക്ക് ധനസഹായം നല്‍കുന്നത്. ജനറല്‍, എസ് സി വിഭാഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
ഇതില്‍ 70,000 രൂപ കേന്ദ്ര സര്‍ക്കാറും 50,000 രൂപ സംസ്ഥാന സര്‍ക്കാറും 40,000 രൂപ ബ്ലോക്ക് പഞ്ചായത്തും 20,000 രൂപ വീതം ജില്ലാ, ഗ്രാമ പഞ്ചായത്തുകളുമാണ് അനുവദിക്കുന്നത്. എസ് ടി വിഭാഗത്തിന് 2.50 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.