ദേശസ്‌നേഹത്തിന്റെ സുവര്‍ണ വാതിലുകള്‍ തുറന്ന് വാഗ അതിര്‍ത്തി

Posted on: December 3, 2013 6:08 pm | Last updated: December 3, 2013 at 6:08 pm

mlp- waga flag 2

അമൃത്‌സര്‍: ഹൃദയങ്ങളില്‍ ദേശസ്‌നേഹത്തിന്റെ സുവര്‍ണ വാതിലുകള്‍ മലര്‍ക്കെ തുറക്കുകയാണ് പഞ്ചാബിലെ ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയായ വാഗ. ഇവിടെയെത്തിയാല്‍ ഞരമ്പുകളില്‍ ചോര തിളക്കും, നാം ഉറക്കെ വിളിച്ച് പോകും ഭാരത് മാതാ കീ ജയ്… ഇന്ത്യയിലെയും പാകിസ്ഥാനിലെയും കോടാനുകോടി ജനങ്ങളുടെ മനസില്‍ ഇന്നും മുറിവായി നില്‍ക്കുന്ന വാഗ അതിര്‍ത്തിയിലെ സായാഹ്നങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും ദേശസ്‌നേഹത്തിന്റെ കൊടുമുടിയിലേക്കാണ് ഉയര്‍ത്തുന്നത്.

ദിവസവും സൂര്യാസ്തമയത്തിന് മുമ്പായി ആയിരങ്ങളെ സാക്ഷിയാക്കി ഇവിടെ നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങാണ് മാതൃരാജ്യത്തിന്റെ മഹത്വം വിളംബരം ചെയ്യുന്നത്. ഗോതമ്പ് വയലുകള്‍ അതിരിടുന്ന ഇവിടെ കമ്പി വേലികള്‍ക്കിരുപുറവും ഒരു സംസ്‌കാരത്തിന്റെ ഇരട്ടപെറ്റവരെങ്കിലും അന്യരായി ജീവിക്കുന്നു. വാഗയിലെത്തുമ്പോള്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും കൂറ്റന്‍ ഗേറ്റുകളും ദേശീയ പതാകകളുമാണ് ആദ്യമായി കാഴ്ചക്കാരെ സ്വീകരിക്കുന്നത്. ഇന്ത്യയുടെ ഗേറ്റില്‍ ഗാന്ധിജിയുടെയും പാകിസ്ഥാന്‍ ഗേറ്റില്‍ മുഹമ്മദലി ജിന്നയുടെയും ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. എവിടെയും തോക്കേന്തിയ പട്ടാളം സദാ ജാഗരൂകരായി നില്‍ക്കുന്നുണ്ടാകും.

വൈകുന്നേരങ്ങളില്‍ ചടങ്ങ് വീക്ഷിക്കാന്‍ അതിര്‍ത്തിക്ക് ഇരുവശത്തെയും ഗ്യാലറികളിലേക്ക് ഇന്ത്യ-പാകിസ്ഥാന്‍ ജനത ഒഴുകിയെത്തുന്നു. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് സന്ദര്‍ശകരെ പതാക താഴ്ത്തല്‍ ചടങ്ങ് കാണാന്‍ കടത്തിവിടുന്നത്. ഉച്ചതിരിയുന്നതോടെ ഇന്ത്യന്‍ ഗ്യാലറി നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും. ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആ കാഴ്ച കാണാന്‍ എത്തുന്നത്. മതവും ജാതിയും ഭാഷയും വര്‍ണുമെല്ലാം മറന്ന് അവര്‍ ഒന്നിച്ചിരിക്കുന്നു. ഉച്ചഭാഷിണിയിലൂടെ വരുന്ന ഹിന്ദിഭാഷയിലുള്ള ദേശഭക്തിഗാനങ്ങള്‍ക്കനുസരിച്ച് ഗ്യാലറിയിലും റോഡിലുമെല്ലാം ഇന്ത്യന്‍ ജനത അതേറ്റ് പാടുകയും നൃത്തം ചവിട്ടുകയും പതാക വീശുകയും ചെയ്യുമ്പോള്‍ അതില്‍ ലയിച്ച് പോകാതിരിക്കില്ല ഓരോ രാജ്യസ്‌നേഹിയും.

mlp- waga flag

ഇന്ത്യന്‍ ഗേറ്റിന് സമീപത്ത് തന്നെയാണ് ബോര്‍ഡര്‍ ഓഫ് സെക്യൂരിറ്റി ഫോഴ്‌സിന്റെ ഓഫീസ്. വെളുത്ത ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ചെത്തിയ ബി എസ് എഫുകാരന്‍ ഓടിനടന്ന് ദേശഭക്തിഗാനത്തിന്റെ ഈണങ്ങള്‍ക്കൊപ്പിച്ച് കാണികളെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കും. ഗ്യാലറിയിലെ ജനക്കൂട്ടം വന്ദേമാതരം വിളികളുമായി ഉയര്‍ന്നുപൊങ്ങുന്നു. മുന്‍നിരയില്‍ ഇരുന്ന പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ബി എസ് എഫുകാരന്‍ ത്രിവര്‍ണ പതാക കൈമാറി. ആവേശത്തിന്റെ അലകടല്‍ ആര്‍ത്തിരമ്പുന്നു. പതാകയുമായി പെണ്‍കൊടികള്‍ പാക് അതിര്‍ത്തിവരെ നിര്‍ത്താതെ ഓടി. പിന്നെ പതാക പലരിലേക്കും കൈമാറി. ഇന്ത്യയുടെ ഗേറ്റില്‍നിന്ന് പത്തുമീറ്ററോളം അകലെയാണ് പാകിസ്ഥാന്റെ പച്ചയും വെള്ളയും നിറത്തിലുള്ള പതാക പാറിക്കളിക്കുന്നത്.

പാകിസ്ഥാന്‍ അതിര്‍ത്തിയിലും സമാനമായ കാഴ്ചകളാണ് ഈ സമയം അരങ്ങേറുന്നത്. പെട്ടെന്ന് ശബ്ദഘോഷമെല്ലാം നിലച്ച് ഗാര്‍ഡ്‌റൂമില്‍നിന്ന് ബ്യൂഗിള്‍ സംഗീതമുയരുന്നതോടെ കണ്ണുകളെല്ലാം അവിടേക്കാകും. യൂണിഫോമണിഞ്ഞ രണ്ട് ബി എസ് എഫ് പെണ്‍കുട്ടികള്‍ ദേശീയ പതാകയുമായി അതിര്‍ത്തി കവാടത്തിലേക്ക് അതിവേഗത്തില്‍ പോവുകയും അതിര്‍ത്തി വലംവച്ച് ഗേറ്റിനരികില്‍ ദേശീയപതാക ആകാശത്തേക്കുയര്‍ത്തി നിശ്ചലരായി നില്‍ക്കുകയും ചെയ്യുന്നു. തൊട്ടുപിന്നാലെ നെഞ്ചിനോടും മൂര്‍ധാവിനോടും ചേര്‍ത്ത് തിളങ്ങുന്ന വാളുമായി മറ്റൊരു ഭടന്‍. വാള്‍ ആകാശത്തേക്കുയര്‍ത്തി ചുംബിച്ച ശേഷം ഉയര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്ത് പതാകയിറക്കല്‍ ചടങ്ങിനുള്ള അനുമതി ചോദിച്ചു. പരമാവധി വേഗത്തില്‍ ഗേറ്റിനുമുന്നിലെത്തിയ രണ്ട് ഭടന്മാര്‍ പട്ടാളച്ചിട്ടയുടെ സൗന്ദര്യമാകെ ആവാഹിച്ച് വളരെ വേഗത്തില്‍ ഇന്ത്യന്‍ കവാടം വലിച്ചുതുറന്നു.

ഇതേ രീതി തന്നെയാണ് അപ്പുറത്ത് പാകിസ്ഥാനിലും നടക്കുന്നത്. ഇരുവാതിലുകളും തുറന്നിട്ട് ഇന്ത്യാ- പാക് സൈനികര്‍ ഹസ്തദാനംചെയ്തു, പിന്നെ അതിര്‍ത്തിവിട്ട് അതത് മണ്ണിലേക്ക്. വീണ്ടും ഗേറ്റുകള്‍ കൊട്ടിയടച്ചു. കായിക പ്രൗഢിയുടെയും പരിശീലന മികവിന്റെയും അടയാളമായ സെറിമോണിയല്‍ പരേഡാണിത്. കാലുയര്‍ത്തി നെറ്റിയില്‍തൊട്ട് ക്രൗര്യവും ആവേശവുമുയര്‍ത്തുന്ന അലര്‍ച്ചയോടെ ഒന്നിനുപുറകെ ആറ് ഭടന്മാര്‍ അതിര്‍ത്തിയിലേക്ക് കുതിച്ചു. ഗേറ്റ് തുറന്ന് പോര്‍വിളിയുമായി നിലയുറപ്പിച്ചയാളിന് അഭിമുഖം പാകിസ്ഥാന്‍ ഭടന്‍മാരിലൊരാളും നിന്നു. പ്രകോപനത്തിന്റെ അടയാളമായി ഓരോരുത്തരും ഭൂമിയില്‍ അമര്‍ത്തിച്ചവിട്ടി നെഞ്ചുവിരിച്ചാണ് അവരവരുടെ പതാകക്ക് നേരേ മുഖമുയര്‍ത്തി നില്‍ക്കുന്നത്. ഇരുപക്ഷത്തും രണ്ടുപേര്‍ ഗേറ്റിന് അഭിമുഖം നിന്ന് പതാകകള്‍ കെട്ടിയ ചരടുകളഴിച്ചു. അതിര്‍ത്തിയില്‍ ബ്യൂഗിള്‍ സംഗീതം വീണ്ടും മുഴങ്ങുന്നതോടെ ഇന്ത്യാ-പാക് പതാകകള്‍ ഒരേ സമയം പതിയെ താഴ്ന്ന് കൊണ്ടിരുന്നു. ചരടുകള്‍ കൂട്ടിമുട്ടിച്ച് എക്‌സ് ആകൃതിയില്‍ ഒരുനിമിഷം നിര്‍ത്തി. പിന്നീട് നിലക്കാത്തെ ജനാരവത്തെ സാക്ഷിയാക്കി ഇരു പതാകകളും താഴ്ത്തുമ്പോള്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചുവപ്പണിഞ്ഞ സൂര്യനും താഴ്ന്നിറങ്ങുന്നുണ്ടാകും.

അഴിച്ചെടുത്ത പതാക ജനക്കൂട്ടത്തിനുനേരെ ഉയര്‍ത്തിക്കാട്ടി വടിവോടെ മടക്കിയെടുത്ത് പിന്നില്‍നില്‍ക്കുന്ന ഭടന്മാര്‍ ഏറ്റുവാങ്ങി ഇരുവരും ഹസ്തദാനം ചെയ്യുന്നതോടെ വീണ്ടും ഗേറ്റുകള്‍ വലിച്ചടക്കും. പതാകയുമായി പട്ടാളക്കാര്‍ അതിര്‍ത്തി വിട്ട് ബി എസ് എഫ് ഓഫീസിലേക്ക് തിരിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകുക. മണിക്കൂറുകള്‍ നീളുന്ന ഈ കാഴ്ച കണ്ടിറങ്ങുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയം അഭിമാനപൂരിതമാകും. കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്നുപൊങ്ങും വന്ദേമാതരം… ജയ്‌ഹോ…