ശുചിത്വ ക്യാമ്പയിനുമായി വണ്ടൂര്‍ സി എച്ച് സി

Posted on: December 3, 2013 1:43 pm | Last updated: December 3, 2013 at 1:43 pm

വണ്ടൂര്‍: പകര്‍ച്ച വ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തോടെ വണ്ടൂരില്‍ ശുചിത്വ ക്യാമ്പയിന്‍ നടത്തും. ശുചിത്വ മിഷനുമായി സഹകരിച്ച് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം-ക്ലീന്‍ ഫൈസ്റ്റ് വണ്ടൂര്‍’ എന്ന പേരിലാണ് ഈ മാസം അഞ്ച് മുതല്‍ 31 വരെ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും ശുചിത്വ ഗ്രേഡിംഗ് നല്‍കല്‍, ശുചിത്വ കലണ്ടര്‍,പൊതു സ്ഥലങ്ങളുടെ ശുചീകരണം, ശുചിത്വ പരിശോധന, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. പരിസര ശുചിത്വം, കര-ദ്രവ മാലിന്യ സംസ്‌കരണ രീതി, കൊതുക് പെരുകുന്ന സാഹചര്യം, കുടിവെള്ള സംരക്ഷണം, വീടിന്റെ പരിസരത്തുള്ള പൊതു വഴികളുടെ സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് വീടുകള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നത്.
ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു. പഞ്ചായത്തില്‍ നിലനില്‍ക്കുന്ന മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങള്‍, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ സി ടി പി അബ്ദുല്‍ ഗഫൂര്‍, പഞ്ചായത്ത് പ്രസിഡന്റ് ഇ സിതാര, എച്ച് ഐ എം വിജയന്‍, പി ടി ജബീബ് സുക്കീര്‍, ടി പി അസ്‌കര്‍, സാജിദ ചെറി സംസാരിച്ചു.