ടി പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം

Posted on: December 3, 2013 7:44 am | Last updated: December 3, 2013 at 4:09 pm
kodi suni
കൊടി സുനി, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി എന്നിവരുള്‍പ്പെടുന്ന ജയില്‍ വളപ്പിനകത്ത് നിന്നെടുത്ത ചിത്രം

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണത്തടവുകാരായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് തടവറക്കുള്ളില്‍ ലഭിക്കുന്നത് മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍. പ്രതികള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കില്‍ സജീവമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇവര്‍ ഫോണ്‍ ചെയ്തതിന്റെ വിവരങ്ങളും പുറത്തുവന്നു. കേസിലെ ഒന്നാം പ്രതി ചെണ്ടയാട് മംഗലശ്ശേരി എം സി അനൂപ്, രണ്ടാം പ്രതി മാഹി പന്തക്കല്‍ നടുവില്‍ മലയില്‍ കിര്‍മാണി മനോജ്, മൂന്നാം പ്രതി ചൊക്ലി നെടുമ്പ്രം മീത്തലെ ചാലില്‍ എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി, അഞ്ചാം പ്രതി പത്തായക്കുന്ന് ഓറിയന്റല്‍ സ്‌കൂളിന് സമീപം പറമ്പത്ത് മുഹമ്മദ് ശാഫി, ആറാം പ്രതി ചമ്പാട് അരയാക്കൂല്‍ പാലോറത്ത് അണ്ണന്‍ എന്ന സിജിത്, ഏഴാം പ്രതി പാട്യം കണ്ണാറ്റിങ്കല്‍ ഷിനോജ് തുടങ്ങിയ പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത് ഫേസ്ബുക്കില്‍ സജീവമാകുന്നതും സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നത്.
ജയിലിനകത്ത് തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നിട്ടും പ്രതികള്‍ ഇന്റര്‍നെറ്റ് സൗകര്യം അടക്കമുള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഫേസ്ബുക്ക് ദൃശ്യങ്ങള്‍. ജയിലില്‍ നിന്ന് എടുത്ത ദൃശ്യങ്ങളും പുറത്തുവന്നവയിലുണ്ട്. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നൂറുകണക്കിന് ‘ലൈക്കു’കളും കാണാം. ചില പ്രതികള്‍ ബര്‍മുഡയും ടീ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ചാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ജയിലില്‍ തടവുകാര്‍ക്ക് നല്‍കുന്ന വെള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നാണ് ചട്ടം. അഞ്ചാം പ്രതി മുഹമ്മദ് ശാഫിയോട് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ സംസാരിക്കുന്നതിന്റെ ശബ്ദ രേഖകളും പുറത്തുവന്നു. പ്രതികളെല്ലാം നേരത്തെയും ഫേസ്ബുക്ക് അക്കൗണ്ടുള്ളവരാണെങ്കിലും കേസിലെ പ്രതികളായ ശേഷം ഏതാനും മാസം അതില്‍ സജീവമായിരുന്നില്ല. വീണ്ടും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഇവര്‍ ഡിസംബര്‍ ഒന്നിന് രാത്രി തങ്ങളുടെ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ സൃഹൃത്തുക്കള്‍ക്ക് അയച്ചിട്ടുണ്ട്.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ജയില്‍ ഡി ഐ ജി ശിവദാസ് തൈപ്പറമ്പില്‍ ജില്ലാ ജയിലെത്തി തെളിവെടുപ്പ് നടത്തി. ജയില്‍ അധികൃതര്‍ ജയിലിനകത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും മൊബൈല്‍ ഫോണുകളൊന്നും ടി പി കേസ് പ്രതികളില്‍ നിന്ന് കണ്ടെത്താനായില്ല.
ടി പിയെ വെട്ടിക്കൊലപ്പെടുത്തുന്നതില്‍ നേരിട്ട് പങ്കെടുത്ത ആറില്‍ നാല് പ്രതികളും വിലകൂടിയ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സജീവമാകുന്നത്. കിര്‍മാണിയും മുഹമ്മദ് ശാഫിയും തടവറക്കുള്ളില്‍ വെച്ച് ഫോണ്‍ ചെയ്യുന്ന ഫോട്ടോകളും മൊബൈല്‍ അപ്‌ലോഡില്‍ ഉണ്ട്. ഇവര്‍ രണ്ട് പേരാണ് മറ്റുള്ള പ്രതികളെ അപേക്ഷിച്ച് ഫേസ്ബുക്കില്‍ കൂടുതല്‍ സജീവമായുള്ളത്. ടി കെ രജീഷ് ഒഴികെ എല്ലാവരും ഫേസ്ബുക്കില്‍ സജീവമാണ്. കോഴിക്കോട് ജില്ലാ ജയിലിന്റെ സെല്ലിനകത്തും സെല്ലിന് പുറത്ത് ജയില്‍ വളപ്പിലും നിന്ന് എടുത്ത ചിത്രങ്ങളില്‍ എല്ലാവരും തോളില്‍ കയ്യിട്ട് ചേര്‍ന്ന് നിന്നെടുത്ത ഫോട്ടോകളാണ് അധികവും. പ്രതികളില്‍ ചിലര്‍ ഇന്നലെയും മൊബൈല്‍ ഫോണ്‍ വഴി ഫേസ്ബുക്കില്‍ സജീവമായിരുന്നു.
ടി പി കേസിലെ പ്രതികള്‍ക്ക് സാധാരണ വിചാരണ തടവുകാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മികച്ച പരിഗണന ലഭിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ആര്‍ എം പി യും ടി പിയുടെ ഭാര്യ രമയും ഉന്നയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.