ഇന്നവേഷന്‍ അവാര്‍ഡ് കലക്ടര്‍ ഏറ്റുവാങ്ങി

Posted on: December 3, 2013 12:04 am | Last updated: December 2, 2013 at 11:04 pm

കാസര്‍കോട്: ഇ മണല്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയതിന് മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ ഇന്‍ പബ്ലിക് പോളിസി അവാര്‍ഡ് കാസര്‍കോട് ജില്ലയ്ക്ക്. തിരുവനന്തപുരം ഐ എം ജിയിലെ പത്മത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്ന് ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അവാര്‍ഡ് സ്വീകരിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. എ ഡി എം. എച്ച് ദിനേശന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി എസ് അനില്‍, മുന്‍ ജില്ലാ എന്‍ ഐ സി ഓഫീസര്‍ കെ പി പ്രദീഷ്, കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ജി നാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ മുരളീധരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസ് സിറിയക് മുഖ്യപ്രഭാഷണം നടത്തി. ജൂറി അംഗവും ഹൈദ്രാബാദ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ പബ്ലിക് സിസ്റ്റം ഡയറക്ടറുമായ ഡി ചക്രവാണി പ്രസംഗിച്ചു.
വി രാമചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ ഇന്‍ പബ്ലിക് പോളിസി അവാര്‍ഡിന് നിര്‍മ്മാണ്‍ അറ്റ് കാസര്‍കോട് എന്ന പേരില്‍കാര്യക്ഷമമായി നടപ്പാക്കിയ ഓണ്‍ലൈനായി പാസ് വിതരണം ചെയ്യുന്ന ഇ മണല്‍ പദ്ധതിയുടെ നടത്തിപ്പിനാണ് അവാര്‍ഡ്.